
അബുദാബി: ഇന്നുമുതല്‍ യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറയും. മാര്‍ച്ച് മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കി നിശ്ചയിച്ചതോടെയാണ് മാര്‍ച്ച് ഒന്നായ ഇന്നുമുതല്‍ വിലയില്‍ മാറ്റം ഉണ്ടാകുന്നത്. പെട്രോളിന് ലിറ്ററിന് രണ്ട് ഫില്‍സും ഡീസലിന് ലിറ്ററിന് അഞ്ചു ഫില്‍സുമാണ് ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവുണ്ടാവുക
ഇന്നുമുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.73 ദിര്‍ഹമായിരിക്കും നിരക്ക്. സ്പെഷ്യല്‍ 95ന് ലിറ്ററിന് 2.61 ദിര്‍ഹവും എ പ്ലസ് 91 പെട്രോളിന് 2.54 ദിര്‍ഹവും എന്ന നിലയില്‍ ആയിരിക്കും വില്‍പ്പന. ഡീസലിന്റെ വില ലിറ്ററിന് 2.7 ദിര്‍ഹമാണ്. ഫെബ്രുവരിയില്‍ കഴിഞ്ഞ രണ്ട് മാസങ്ങളെ അപേക്ഷിച്ച് ഇന്ധന വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ ചെറിയ കുറവ് വിലയില്‍ വന്നിരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്കുന്ന കാര്യമാണ്. ആഗോള നിലവാരത്തിന് അനുസരിച്ച് എല്ലാ മാസവും പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കി നിശ്ചയിക്കുന്ന രീതി 2015 മുതലാണ് യുഎഇ നടപ്പാക്കി തുടങ്ങിയത്. ഇത് പ്രകാരം ഓരോ മാസത്തിന്റെയും അവസാന ദിനത്തിലാണ് അടുത്ത മാസത്തേക്കുള്ള പുതുക്കിയ വില നിശ്ചയിക്കുന്നത്.