
അബുദാബി: ഈജിപ്തിലെ ഗാസ അതിര്‍ത്തിയോട് ചേര്‍ന്ന അല്‍ അരിഷ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുഎഇയുടെ സഞ്ചരിക്കുന്ന ആശുപത്രി 7,700 ഫലസ്തീന് രോഗികള്‍ക്ക് ചികിത്സ നല്‍കിയതായി അധികൃതര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 2,700 രോഗികളുടെ ശസ്ത്രക്രിയ നടപടിക്രമങ്ങള്‍ ആശുപത്രി പൂര്‍ത്തീകരിച്ചു. 3000 ത്തോളം രോഗികള്‍ക്ക് ഫിസിയോ തെറാപ്പിയും 23 പ്രോസ് തെറ്റിക് ലിമ്പ്സ് കേസുകളും ആശുപത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്
സങ്കീര്‍ണമായ ലാപ്രോസ്കോപ്പി സര്‍ജറി, മാരകമായ മുറിവുമായി ബന്ധപ്പെട്ട ചികിത്സ തുടങ്ങിയവയും നടത്താന്‍ ആശുപത്രിക്ക് സാധിച്ചതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2024 ഫെബ്രുവരി 24 ആയിരുന്നു യുഎഇയുടെ ഫലസ്തീന് സഹായം എത്തിക്കാനുള്ള ഓപ്പറേഷന് ഷിവല്‍റസ് നൈനൈറ്റ് 3ന്റെ ഭാഗമായി ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്. സ്വദേശികളായ മെഡിക്കല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് സംഘമാണ് സഞ്ചരിക്കുന്ന ഈ ആശുപത്രിയുടെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. ഇവരോടൊപ്പം ഇന്തോനേഷ്യയില്‍ നിന്നുള്ള മെഡിക്കല്‍ സ്റ്റാഫും പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും നൂതനമായ ശസ്ത്രക്രിയകള്‍ക്കുള്ള സൗകര്യങ്ങള്‍, ഐസിയുകള്‍ റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റ്, ലബോറട്ടറികള്‍ തുടങ്ങിയവ ആശുപത്രിയുടെ ഭാഗമാണ്. 100 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏറെ പ്രതിബദ്ധതയുള്ള മെഡിക്കല്‍ സംഘമാണ് ആശുപത്രിയിലേതെന്നും ഇവരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം നല്കാന് സാധിച്ചതായും ഹോസ്പിറ്റല്‍ ഡയറക്ടര്‍ മുഹമ്മദ് സഈദ് അല്‍ ശെഹ്ഹി വ്യക്തമാക്കി. നൂറുകണക്കിന് അതിസങ്കീര്‍ണമായ ശസ്ത്രക്രിയകളാണ് ആശുപത്രി വിജയകരമായി പൂര്‍ത്തീകരിച്ചത്. ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള വൈദ്യ സംവിധാനങ്ങളാണ് ആശുപത്രിയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.