സ്‌കൈപ്പ് ഇനിയില്ല; സേവനം അവസാനിപ്പിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ്: ലഭ്യമാകുക മേയ് വരെ മാത്രം

വീഡിയോ കോളിങ് സംവിധാനമായ സ്കൈപ്പ് ആപ്പിന്റെ സേവനം അവസാനിപ്പിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ്. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉള്ള ഈ ആപ്പ് മേയ് മാസത്തോടെ നിർത്തുമെന്നാണ് വിവരം. എന്നാൽ മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത, ചില ആപ്പുകൾ ഒന്നിച്ചു ലഭിക്കുന്ന സേവനമായ മൈക്രോസോഫ്റ്റ് ടീംസ് ഉപയോക്താക്കൾക്ക് അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത് തുടർന്നും ചാറ്റും കോൺടാക്ടുകളും ചെയ്യാൻ കഴിയുമെന്നും മൈക്ക്രോസോഫ്റ്റ് എക്‌സിലൂടെ അറിയിച്ചു
2003ലാണ് സ്കൈപ്പ് പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 2011ൽ മൈക്രോസോഫ്റ്റ് സ്കൈപ്പ് സ്വന്തമാക്കി. വാട്ട്സാപ്പ്, ഫേസ്ബുക്ക് പോലുള്ള മെസഞ്ചർ ആപ്പുകളുടെ വരവോടെ സ്കൈപ്പിന്റെ ജനപ്രീതി കുറയാൻ തുടങ്ങി. ഇത് പരിഹരിക്കാനായി 2017ൽ മൈക്രോസോഫ്റ്റ് സ്കൈപ്പിന് ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. സ്നാപ്ചാറ്റിന് സമാനായ മാറ്റങ്ങളാണ് അന്ന് സ്കൈപ്പിൽ കൊണ്ടുവന്നിരുന്നത്. തുടർന്ന് 2021 ആയതോടെ സ്‌കൈപ്പ് നിർത്താൻ പോവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും വന്നിരുന്നു.
സ്‌കൈപ്പ് നിർത്തുകയാണെന്ന പ്രഖ്യാപനം വന്നതോടെ മൈക്രോസോഫ്റ്റ് കമ്പനിയുടെ കൊളാബറേറ്റിവ് ആപ്പ്സ് ആൻഡ് പ്ലാറ്റഫോംസ് പ്രസിഡന്റിന്റെ ചുമതല നിർവഹിച്ചിരുന്നു ജെഫ് ടെപ്പറിന്റെ ഒരു ബ്ലോഗ് പോസ്റ്റും കമ്പനി പങ്കുവെച്ചിട്ടുണ്ട്. അതിൽ മൈക്രോസോഫ്റ്റ് ടീംസിന് പ്രാധാന്യം നൽകുന്ന പ്രവർത്തങ്ങളാണ് ഇനി ഉണ്ടാവുക എന്ന് പറയുന്നു. ഉപയോക്താക്കൾ സ്കൈപ്പിൽ ഉപയോഗിച്ചിരുന്ന സേവനങ്ങൾ മൈക്രോസോഫ്റ്റ് ടീംസിലൂടെ ലഭ്യമാകുമെന്നും, ഗ്രൂപ് കോൾ, വൺ ഓൺ വൺ കോൾ, മെസേജ്, ഫയൽ ഷെയറിങ് തുടങ്ങിയ എല്ലാ സേവനങ്ങളും തുടർന്നും ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നും ജെഫ് ടെപ്പർ ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞു.
കോവിഡ് മഹാമാരിക്കിടെ വർക് ഫ്രം ഹോം സംവിധാനം ഉടലെടുത്തത് മൈക്രോസോഫ്റ്റ് ടീംസിന് വലിയ ജനപ്രീതി ലഭിക്കാൻ സഹായിച്ചതായി വിലയിരുത്തപ്പെടുന്നു. അതേസമയം, സ്കൈപ്പിന്റെ ചില സേവനങ്ങളാക്കായി പണം നൽകിയ ഉപയോക്താക്കൾക്ക് അതിന്റെ കാലാവധി അവസാനിക്കുന്നത് വരെ സേവനങ്ങൾ ലഭ്യമാക്കും എന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. സ്‌കൈപ്പ് നിർത്താൻ പോകുന്നതിന് മുമ്പായി രണ്ടു നിർദേശങ്ങളാണ് ഉപയോക്താക്കൾക്കായി മൈക്രോസോഫ്റ്റ് മുന്നോട്ട് വയ്ക്കുന്നത്. ഒന്നുകിൽ മൈക്രോസോഫ്റ്റ് ടീംസിലേക്ക് മാറുക, അല്ലെങ്കിൽ സ്‌കൈപ്പ് ടാറ്റ മുഴുവൻ എക്സ്പോർട്ട് ചെയ്ത് സൂക്ഷിക്കുക.