Kerala

വൈദ്യുതി ഉപഭോഗം റെക്കോഡിലേക്ക്; ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ തീവ്ര ശ്രമത്തില്‍ കെഎസ്ഇബി

തിരുവനന്തപുരം: വേനല്‍ച്ചൂട് കനത്തു തുടങ്ങുന്നതേയുള്ളൂ. ജനങ്ങള്‍ വിയര്‍ത്തൊലിക്കാന്‍ തുടങ്ങുമ്പോള്‍ ഇപ്പോള്‍ ചങ്കിടിക്കുന്നത് വൈദ്യുതി ബോര്‍ഡിനാണ്. ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കുതിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്‌ചയായി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തുന്നത്.

ഫെബ്രുവരി മാസത്തില്‍ സാധാരണ ഉപഭോഗം 90 ദശലക്ഷം കടക്കുന്ന പതിവില്ലെങ്കില്‍ ഇക്കൊല്ലം ഫെബ്രുവരി മാസത്തില്‍ മിക്കവാറും 90 ദശലക്ഷം യൂണിറ്റിലേക്ക് ഉപഭോഗം എത്തി എന്നു മാത്രമല്ല, കഴിഞ്ഞ ഒരാഴ്‌ചയായി വൈദ്യുതി ഉപഭോഗം 90 ദശലക്ഷം കടക്കുകയും ചെയ്‌തു.

ഇന്നലെ (ഫെബ്രുവരി 28) വൈദ്യുതി ഉപഭോഗം 98.03 ദശലക്ഷം എന്ന സര്‍വകാല റെക്കോഡിലെത്തി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു ഉപഭോഗം 90 ലേക്കെത്തിയത്. ഇക്കാര്യം കെഎസ്ഇബിയും സമ്മതിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു 5000 മെഗാ വാട്ട് കടന്നതെങ്കില്‍ ഇക്കുറി ഫെബ്രവരി 28 ന് തന്നെ 5000 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കടന്നുവെന്ന് കെഎസ്‌ഇബി ജനറേഷന്‍സ് വിഭാഗം ഡയറക്‌ടര്‍ സജീവ് ഇടിവി ഭാരതിനോട് പറഞ്ഞു.

മുന്‍ കാലങ്ങളില്‍ വേനല്‍ക്കാല വൈദ്യുതി ഉപഭോഗം ബോര്‍ഡിൻ്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമായിരുന്നു എന്നതു ശരിയാണെങ്കിലും വേനല്‍ക്കാല ആവശ്യങ്ങള്‍ക്കായി സ്വകാര്യ വൈദ്യുതി നിലയങ്ങളുമായി വൈദ്യുതി വാങ്ങാന്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ 2023ല്‍ ഈ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതോടെ വേനല്‍ക്കാലത്തെ ആവശ്യങ്ങള്‍ക്ക് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത പ്രതിസന്ധിയിലാണ്.

ഈ പ്രതിസന്ധി മറികടക്കാന്‍ ലോഡ് ഷെഡിങ്ങിലേക്ക് പോകുമെന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് സംസ്ഥാനത്തിന് ആശ്വാസമായി ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്ന് 40 ദിവസത്തേക്ക് ഉപഭോഗം കൂടിയ പീക്ക് ടൈമില്‍ വൈദ്യുതി ലഭിക്കാനുള്ള സാഹചര്യമൊരുങ്ങിയത്.

ഈ രണ്ടു സംസ്ഥാനങ്ങളിലും ഇപ്പോള്‍ വൈദ്യുതി ഉപഭോഗം കുറവായതിനാല്‍ ദേശീയ ഗ്രിഡില്‍ നിന്ന് അവര്‍ക്കു ലഭിക്കുന്ന വൈദ്യുതി ആവശ്യമില്ലാത്ത സ്ഥിതിയാണ്. ഇത്തരത്തില്‍ അധികമായുള്ള വൈദ്യുതി ഏപ്രില്‍ 10 വരെ കേരളത്തിന് നല്‍കാമെന്ന് രണ്ടു സംസ്ഥാനങ്ങളും സമ്മതിച്ചത് കേരളത്തിന് വലിയ ആശ്വാസമായി. വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 5 വരെ ഇവിടെ നിന്ന് വൈദ്യുതി ലഭിക്കും എന്നതിനാല്‍ ഏപ്രില്‍ 10 വരെ ലോഡ് ഷെഡിംഗിലേക്കു പോകാതെ പിടിച്ചു നില്‍ക്കാന്‍ കേരളത്തിനു കഴിയും.

അതിനു ശേഷവും കേരളത്തില്‍ വേനല്‍ക്കാലമായിരിക്കും. അതിനാല്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളുമായുള്ള കരാര്‍ കാലാവധി അവസാനിക്കുന്ന ഏപ്രില്‍ 10 നു ശേഷം ഉണ്ടാകുന്ന വൈദ്യുതി ആവശ്യം പരിഹരിക്കുന്നതിന് വൈദ്യുതി ദേശീയ ഗ്രിഡില്‍ അധികമായുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ലഭ്യമാക്കാനുള്ള ശ്രമങ്ങളും കെഎസ്ഇബി ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!