നിലാവിന്റെ തോഴൻ: ഭാഗം 35
[ad_1]
രചന: ജിഫ്ന നിസാർ
“പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ.. അല്ലേ?”
ദിൽനയെ നോക്കി റോയ്സ് ചോദിച്ചു.
അതേയെന്ന് തലയാട്ടി കാണിക്കുന്നവളുടെ കണ്ണിലെ ഭയം.
അതൊന്ന് ആസ്വദിച്ച് റോയ്സ് ഊറി ചിരിച്ചു.
“ഗുഡ് ഗേൾ.. എങ്കിൽ ഇറങ്ങിക്കോ “
അവളുടെ കവിളിലൊന്ന് തട്ടിയിട്ട് അവൻ ഡോർ തുറന്നു.
അവനിറങ്ങി കഴിഞ്ഞും അതിനകത്തു തന്നെ വിറച്ചിച്ചിരിക്കുന്നവൾക്ക് നേരെ റോയ്സിന്റെ കൂർത്ത നോട്ടം നീണ്ടു.
ഒരുപാട് ഉത്തരങ്ങൾ നിറഞ്ഞൊരു നോട്ടം!
അതേറ്റു പൊള്ളിയത് പോലൊന്നു പിടഞ്ഞു കൊണ്ട് ദിൽനയുമിറങ്ങി.
സ്കൂൾ ബാഗിൽ പിടി മുറുക്കി കൊണ്ടവൾ മുഖം കുനിച്ചു നിന്നു.
“അങ്കിൾ..”
കാറിൽ ചാരി തന്നെയും ദിൽനയെയും സൂക്ഷിച്ചു നോക്കി നിൽക്കുന്ന ക്രിസ്റ്റിയുടെ നേരെയൊന്ന് പുച്ഛത്തോടെ നോക്കിയിട്ട് റോയ്സ് വർക്കിയുടെ അരികിലേക്ക് ചെന്നു.
“ഇവളെ നിനക്കെവിടുന്ന് കിട്ടി?”
വർക്കി എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ.. ഡെയ്സിയുടെ ചോദ്യം റോയ്സിന് നേരെയെത്തി.
“അഹ്.. അതാണ് ഞാനും പറയുന്നത് “
ഡെയ്സിയെ നോക്കി വല്ല്യ താല്പര്യമില്ലാത്തത് പോലെ റോയ്സ് പറഞ്ഞു.
വീണ്ടും വർക്കിയുടെ നേരെ അവന്റെ നോട്ടം നീണ്ടു.
ദിൽനയെ കണ്മുന്നിൽ കണ്ടതിന്റെ ആശ്വാസമുണ്ടെങ്കിൽ കൂടിയും അവളെ റോയ്സിനൊപ്പം ആ നേരം കണ്ടതിന്റെയൊരു അസ്വസ്ഥത ഡെയ്സിയുടെ വാക്കുകളിൽ പോലും പ്രകടമായിരുന്നു.
“സോറി അങ്കിൾ. തെറ്റ് മുഴുവനും എന്റെ ഭാഗത്താണ്. ദിലുവിനെ ഒന്നും പറയരുത്. ഞാൻ ഒരുപാട് നിർബന്ധിച്ചു വിളിച്ചിട്ടാണ് അവളെന്റെ കൂടെ വന്നത്. ഉച്ചക്ക് മുന്നേ ഏത്താവുന്ന ചെറിയൊരു ട്രിപ്പ് ആയിരുന്നു പ്ലാൻ. കൂട്ടുകാരുടെ കൂടെ പ്ലാൻ ചെയ്തതാ. പക്ഷേ അവന്മാർക്കെല്ലാം ഓരോരോ തടസ്സം. അങ്ങനെയാണ് ദിലുവിനെ കണ്ടത്. ഒറ്റക്ക് പോവണ്ടല്ലോ എന്ന് കരുതി അവളേം കൂട്ട് വിളിച്ചു. പെട്ടന്ന് വരാമെന്ന് കരുതിയതാ.പക്ഷേ വണ്ടിക്കെന്തോ പ്രോബ്ലം. വിചാരിച്ചതിലും ടൈം എടുത്തു തിരികെ എത്തുവാൻ. ദിലു അപ്പോൾ തുടങ്ങിയ കരച്ചിലാ. പപ്പാ വഴക് പറയുമെന്ന് പേടിച്ചിട്ടാണ്. പ്ലീസ് അങ്കിൾ. അവളെ ഒന്നും പറയരുത്. വേണമെങ്കിൽ എന്നെ രണ്ടടി തന്നോളൂ.ഞാൻ വിളിച്ചിട്ടാണ് അവൾ വന്നത് .”
അങ്ങേയറ്റം വിനയത്തോടെ ഒറ്റ വീർപ്പിൽ പറയുന്ന റോയ്സിനെ കേൾക്കുന്നുണ്ടെങ്കിലും ക്രിസ്റ്റിയുടെ കണ്ണുകൾ തല കുനിച്ചു നിൽക്കുന്ന ദിലുവിന്റെ നേരെയാണ്.
കാറിൽ ചാരി നിൽക്കുന്നവളുടെ മുഖം മുക്കാലും ചുമലിൽ വീണു കിടക്കുന്ന മുടിയിഴകൾ മറച്ചു പിടിച്ചിട്ടുണ്ടെങ്കിലും.. ക്രിസ്റ്റിക്ക് ആ നിൽപ്പത്ര ശെരിയായി തോന്നിയില്ല.
രാവിലെ മുതൽ അവനെ അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്ന അവളുടെയാ രൂപം വീണ്ടും വീണ്ടും അവനെ ശ്വാസം മുട്ടിച്ചു… അവളെ നോക്കുമ്പോഴൊക്കെയും.
“വൈകുമെങ്കിൽ അതൊന്നു വിളിച്ചു പറയാൻ നിന്റെ കയ്യിൽ ഫോണിരിപ്പില്ലേ റോയ്സേ?”
അവനൊട്ടും പ്രതീക്ഷിക്കാത്ത ക്രിസ്റ്റിയുടെ ചോദ്യം.
അവനരികിലേക്ക് നടന്നെത്തിയിട്ട് ക്രിസ്റ്റി റോയ്സിനെ സൂക്ഷിച്ചു നോക്കി.
“രാവിലെ സ്കൂളിൽ പോയൊരു പെൺകുട്ടി.. അവളെ വിളിച്ചു ട്രിപ്പ് പ്ലാൻ ചെയ്തതും അവളുടെ വീട്ടിൽ വിളിച്ചറിയിക്കാതെ അവളെ ഒപ്പം കൂട്ടിയതും തെറ്റ്. അതിനെല്ലാം പുറമെ ഇത്രേം വൈകി തിരിച്ചെത്തുമെന്ന് ഉറപ്പാകുമ്പോൾ അതവളുടെ വീട്ടിൽ വിളിച്ചറിയിക്കാഞ്ഞത് അതിലും വലിയൊരു തെറ്റ്. നിനക്കെന്താടാ തീരെ ബോധമില്ലേ?”
അൽപ്പസമയം മുന്നേ സ്വന്തം അമ്മയുടെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ നെഞ്ചുലക്കുന്നത് കൊണ്ട് തന്നെ ആവിശ്യത്തിലേറെ മൂർച്ചയുണ്ടായിരുന്നു ക്രിസ്റ്റിയുടെ ചോദ്യം.
വലിഞ്ഞു മുറുകിയ അവന്റെ മുഖത്തേക്ക് നോക്കെ റോയ്സിന്റെ ഹൃദയം പോലും വിറച്ചു.
മുന്നേ കിട്ടിയ അടിയുടെ വേദന അവനോർമ വന്നു.
“ഉത്തരം പറയെടാ…”
പല്ല് കടിച്ചു കൊണ്ട് ക്രിസ്റ്റി വീണ്ടും ആവിശ്യപ്പെട്ടു.
“ഫോൺ.. ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. ഞാൻ. ഞാൻ ശ്രമിച്ചിരുന്നു “
വർക്കിയേ നോക്കി… വിക്കി വിക്കി റോയ്സ് ഉത്തരം പറഞ്ഞു.
“ഇത് ഞാനങ്ങു വിശ്വസിച്ചു തരണം. അല്ലേടാ?”
ക്രിസ്റ്റി കുറച്ചു കൂടി അവനരികിലേക്ക് നീങ്ങി.
“ഇതെല്ലാം ചോദിക്കാൻ ഇവനാരാ അങ്കിൾ?”
ക്രിസ്റ്റിയെ ഒതുക്കാൻ വർക്കിയേ കൂട്ട് വിളിക്കും പോലെ റോയ്സ് ഉറക്കെ ചോദിച്ചു.
“ഞാൻ.. നിന്റെ…..”
പല്ല് കടിച്ചു പിടിച്ചു കൊണ്ട് ക്രിസ്റ്റി ബാക്കി പറയാൻ വന്നത് വിഴുങ്ങി.
“ടീ…”
അൽപ്പം ഉറക്കെ തന്നെ ക്രിസ്റ്റിയുടെ മുഴങ്ങുന്ന സ്വരം.
ദിൽന ഞെട്ടി കൊണ്ട് മുഖം ഉയർത്തി നോക്കി.
“നിന്നെ തന്നെ.. ഇങ്ങ് വന്നേ “
അവൾ നോക്കുന്നത് കണ്ടതും ക്രിസ്റ്റി കൈ മാടി വിളിച്ചു.
വിറച്ചു കൊണ്ടാണ് ദിൽന അങ്ങോട്ട് വന്നത്.
ബാഗ് അപ്പോഴും നെഞ്ചിൽ അമർത്തി പിടിച്ചിട്ടുണ്ട്.
“ഇവൻ.. ഇവൻ പറഞ്ഞതെല്ലാം സത്യമാണോ?”
വീണ്ടും ക്രിസ്റ്റിയുടെ മുറുകിയ സ്വരം.
“മൂങ്ങയെ പോലെ നിൽക്കാതെ വാ തുറന്നു പറയെടി. അത് പറയാൻ നിനക്കെന്താ ഇത്രയും പേടി. ഇവൻ വിളിച്ചപ്പോ വീട്ടിൽ പറയാതെ കൂടെ പോവാനും ഉണ്ടായിരുന്നോ ഇത്രേം പേടി?”
അവൾക്കരികിൽ വന്നു നിന്നിട്ട് ക്രിസ്റ്റി വീണ്ടും ചോദിച്ചു.
ദിൽന നിന്ന് വിറച്ചതല്ലാതെ അപ്പോഴും മുഖമുയർത്തി നോക്കിയില്ല.
“അത് ചോദിക്കാൻ അവൾക്ക് സ്വന്തം അപ്പനുണ്ട്. മതിയെടാ നിന്റെ ഹീറോയിസം “
പിന്നിൽ നിന്നും വർക്കിയുടെ സ്വരം.
ക്രിസ്റ്റി മുഖം ചെരിച്ചൊന്ന് നോക്കി.
ശേഷം അവന്റെയാ നോട്ടം ഡെയ്സിയുടെ നേരെയും നീണ്ടു.
ഞൊടിയിട കൊണ്ടവൻ നോട്ടം മാറ്റിയെങ്കിലും അതിലൊരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. അത് അവരെയും വേദനിപ്പിച്ചു.
“എന്റെ മക്കളുടെ കാര്യം നോക്കാൻ ഞാൻ ആരെയും ഏർപാട് ചെയ്തിട്ടില്ലല്ലോ മോനെ റോയ്സേ. പിന്നെന്തിനാ ഇവനിങ്ങനെ കിടന്നു കുരക്കുന്നത്?”
ക്രിസ്റ്റിയെ നോക്കിയൊന്ന് ചിരിച്ചിട്ട് വർക്കി റോയ്സിനെ നോക്കി.
” വീട്ടിൽ കിടന്നു ഷോ കാണിച്ച ചവിട്ടി കൂട്ടും എന്നങ്ങു പറ അങ്കിളെ..കണ്ട വരത്തന്മാർക്കും തെരുവ് ഗുണ്ടകൾക്കും കേറി താമസിക്കാൻ ഇത് സത്രമല്ലെന്ന് പറയങ്ങോട്ട്..”
അയാളുടെ സപ്പോർട്ട് കൂടി ആയതോടെ റോയ്സിനും ഹരം കൂടി.
പറഞ്ഞു തീർന്നതും റോയ്സിന്റെ കവിളിൽ അടി വീണു കഴിഞ്ഞിരുന്നു.
“നീയും നിന്റെയീ പൊറുക്കി അങ്കിളുമാണ് മോഞ്ഞേ ഇവിടുത്തെ വരത്തന്മാർ. കുന്നേൽ ബാംഗ്ലവ് എന്നും എന്റെയാണ്. എന്റപ്പൻ എനിക്കായ് തന്നത് മുഴുവനും കയ്യിട്ട് വാരി യാതൊരു നാണവുമില്ലാതെ തിന്ന് മുടിപ്പിച്ചു നടക്കുന്ന നിന്റെയീ പൊറുക്കി അങ്കിളിന്റെ കയ്യെങ്ങാനും എനിക്ക് നേരെ ഉയർന്ന.. പിന്നെ ഒന്നും.. ഒന്നിനും വേണ്ടി കാത്ത് നിൽക്കില്ല ക്രിസ്റ്റി.. തീർത്തു കളയും ഞാൻ “
ഷർട്ടിൽ ചുരുട്ടി പിടിച്ചു ചുവരിൽ ചേർത്ത് നിർത്തി റോയ്സിനെ നോക്കി പറയുമ്പോൾ ക്രിസ്റ്റിയുടെ കവിളുകൾ വിറക്കുന്നുണ്ടായിരുന്നു.
അവനോട് വേണ്ടന്ന് പറയണമെന്നുണ്ടായിരുന്നു ഡെയ്സിക്ക്.
അത് റോയ്സിനോടുള്ള സിമ്പതിയല്ല. മറിച്ച് അവനെ പകയോടെ നോക്കി നിൽക്കുന്ന വർക്കിയോടുള്ള ഭയമായിരുന്നു.
ഡെയ്സി ദയനീയമായി മറിയാമ്മച്ചിയെ നോക്കി.
റോയ്സിനും പറ്റിയാൽ വർക്കിക്കും രണ്ടു കിട്ടണം എന്നാഗ്രഹിച്ചു നിൽക്കുന്ന മറിയാമ്മച്ചി തത്കാലം ഡെയ്സിയുടെ നോട്ടം കണ്ടില്ലെന്ന് നടിച്ചു.
“മ്യാമനും മോനും കളിക്കുന്നത് ദാ… ആ ഗേറ്റിന് അപ്പുറം മതി. ഇക്കാര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടായിരിക്കില്ല. കുറെയായി നീ ഇവിടെ വന്നിട്ട് മ്യാമന്റെ ചിലവിൽ ചുമ്മാ ഗോളടിച്ചു രസിക്കുന്നു. ഇനിയത് നടക്കില്ല റോയ്സേ.പിരി കയറ്റി എനിക്ക് നേരെ ഒണ്ടാക്കാൻ വന്ന ഞാൻ കേറിയങ് മേയും. പിന്നെ മ്യാമനേം മോനേം പൊറുക്കിഎടുക്കേണ്ടി വരും. മനസ്സിലായോ ഡാ “
ക്രിസ്റ്റി വീണ്ടും അവനെ പിടിച്ചുലച്ചു.
ദിൽനയെ ഒന്ന് കൂടി നോക്കിയിട്ട് അവൻ റോയ്സിനെ വിട്ടു.
“എന്റെ കണ്മുന്നിൽ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്താൻ എനിക്കാരെയും… ആരെയും പേടിയില്ല. ഇനി കണ്ടാലും.. എപ്പോ കണ്ടാലും ഞാനത് ചോദിക്കുക തന്നെ ചെയ്യും. അതിഷ്ടമല്ലെന്നുള്ളവർക്ക് പോവാം. ഇത്.. ഈ കുന്നേൽ ബംഗാവ് എന്റെയാണ്. എത്രയൊക്കെ.. ആരൊക്കെ കയ്യിട്ടു വരാൻ നോക്കിയാലും ഒരിഞ്ചു പോലും വിട്ട് തരില്ല ഞാൻ. ഇത്.. ഇതെന്റെയും വാശിയാണ് “
വർക്കിക് കൂടിയുള്ള മറുപടി പറഞ്ഞിട്ട് ക്രിസ്റ്റി തിരികെ സ്റ്റെപ്പിന് നേരെ നടന്നു.
പോകും വഴി ഒരിക്കൽ കൂടി അവന്റെ കണ്ണുകൾ ഡെയ്സിയെ തൊട്ട് തലോടി കടന്ന് പോയി..ആശ്വാസിപ്പിക്കുന്നത് പോലെ.
❣️❣️❣️
“നീ മീരയുടെ അടുത്ത് പോയില്ലേ?”
ഫോണെടുത്തയുടനെ ക്രിസ്റ്റി ചോദിച്ചു.
“നിന്റെ മുറിയിലെ വലതു സൈഡിൽ തൂങ്ങിയാടുന്ന ആ സാധനം കാണുന്നുണ്ടോ നീ?”
ഫൈസി ഒരു മറുചോദ്യമാണ് തിരികെ നൽകിയത്.
“ഉണ്ട്.എന്തേ..?”
ക്രിസ്റ്റി തലചിരിച്ചു നോക്കിയിട്ട്.
“എങ്കിൽ അതിലേക്കൊന്ന് കണ്ണ് തുറന്നു നോക്ക്.. ടൈം എത്രയായെന്ന്”
ഫൈസി അത്യാവശ്യം കലിപ്പിലാണ്.
“ഒരു കാര്യം അത്യാവശ്യമായിട്ട് അറിയാൻ നിന്നെയൊന്നു വിളിക്കാൻ ഞാനിനി സമയം നോക്കി നടക്കണോ ടാ?”
അറിയാതെ ക്രിസ്റ്റിയുടെയും ശബ്ദമുയർന്നു.
“എന്നാണോ ഞാൻ പറഞ്ഞത്?”ഫൈസിയും വിട്ട് കൊടുത്തില്ല.
“എനിക്കങ്ങനെ തോന്നി…”
“നിനക്കെങ്ങനെ പലതും തോന്നും. അതിനെല്ലാം ഞാൻ ഉത്തരം പറയണോ?അതും ഈ പാതിരാത്രി ഒരുമണിക്ക് “
ഫൈസി കലിപ്പ് വിട്ടിട്ടില്ല.
ക്രിസ്റ്റി അതിനുത്തരമൊന്നും പറഞ്ഞില്ല.
“സത്യത്തിൽ എന്താടാ നിന്റെ പ്രശ്നം?”
ഫൈസി അൽപ്പം മയത്തിലാണ് അത് ചോദിച്ചത്.
“പ്രശ്നോ..എനിക്കോ..?”
“ആഹ്.. നിനക്ക് തന്നെ. അല്ലെങ്കിൽ പിന്നെ പുന്നാര പെങ്ങളെ ഞാൻ പോയി കണ്ടെന്നും ഏട്ടൻ പുന്നാരിച്ചു തന്നു വിട്ട സാധനങ്ങൾ കൊടുത്തുവെന്നും നിരത്തി പിടിച്ചു നിന്റെ വാട്സാപ്പിൽ ഞാനിട്ട മെസ്സേജ് നീ കണ്ടിട്ടുമുണ്ട്.. എനിക്ക് റിപ്ലൈയായി ഓകെ ന്ന് ആയച്ചിട്ടുമുണ്ട്. പിന്നെയും ഇമ്മാതിരി ഒലക്കമ്മലെ ചോദ്യം പാതിരാത്രി ചോദിച്ചു വരണമെങ്കിൽ, നിനക്ക് കാര്യമായിട്ട് എന്തോ പ്രശ്നമുണ്ട് “
യാതൊരു പഴുതുമില്ലാതെ ഫൈസി അത് പറഞ്ഞതും ക്രിസ്റ്റി നിശബ്ദനായി.
സത്യത്തിൽ എന്താണ് തന്റെ പ്രശ്നം?
അവനാ ചോദ്യം സ്വയം ചോദിച്ചു.
ദിൽനയൊരു അസ്വസ്ഥതയാണ്.. അത് ഓർക്കുമ്പോഴൊക്കെ ശ്വാസം മുട്ടിക്കുന്നുണ്ട്.
അതിനുമപ്പുറം.. എന്തോ ഒന്ന്.. ഇരിക്കാനും നിൽക്കാനും കഴിയാതെ.. ഇടനെഞ്ചിൽ തുടരെ വീർപ്പു മുട്ടിക്കുന്നയൊന്ന്.
ഹൃദയമാരെയോ കാത്തിരിക്കുന്നത് പോലെ..
അത്രമേൽ ആഴത്തിൽ ആരെയോ പ്രതീക്ഷിക്കുന്നത് പോലെ.
ആർദ്രമായി ആരുടെയോ സാമീപ്യം കൊതിക്കുന്നത് പോലെ..
ഇന്ന് കാണുമ്പോൾ പറഞ്ഞു കേൾപ്പിച്ചു കൊടുക്കുവാൻ നാവിൻ തുമ്പിൽ മധുരമുള്ളൊരു കഥയുമായി കാത്തിരിപ്പായിരുന്നു ഇത് വരെയും.
അന്നവൾ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ആ മിഴിയാഴങ്ങളിലേക്ക് നോക്കി പറഞ്ഞു കൊടുക്കാൻ അവനേറെ കൊതിച്ചുപോയിരുന്നു.
ഇരുട്ട് കനം വെച്ച് തുടങ്ങിയത് മുതൽ ഓരോ നിമിഷവും വല്ലാത്തൊരു നിർവൃതിയോടെ കാത്തിരുന്നവൻ.
വരുമെന്ന് ഉറപ്പുണ്ടായിട്ട് തന്നെയാണ് രണ്ട് മൂന്നു പ്രാവശ്യം ആ സീറ്റ് പുരയിലേക്ക് അവളെ തേടിയിറങ്ങിയത്.
പതിവ് നേരമായിട്ടും കാണാഞ്ഞപ്പോൾ ഹൃദയം മുറവിളി കൂട്ടി തുടങ്ങിയതാണ്.
പള്ളിയിൽ നിന്നും വന്നപ്പോഴുള്ള ആ സാഹചര്യങ്ങളിൽ തന്നെ മനസ്സ് ചത്ത് പോയിരുന്നു.
വർക്കിയിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ല എന്നത് കൊണ്ട് അതത്ര മനസ്സിലേക്ക് കയറ്റി വെച്ചില്ലയെങ്കിലും.. ദിൽനയുടെ മുഖവും.. റോയ്സിന്റെ പതർച്ചയും ഹൃദയതാളം കൂട്ടുന്നുണ്ട്.
മറിയാമ്മച്ചി വിളിച്ചിട്ടും കഴിക്കാൻ താഴെയിറങ്ങി പോവാതെ മുറിയിൽ തന്നെ ഓരോന്നും ഓർത്തു കിടന്നു
പോരും വഴി കഴിച്ചത് കൊണ്ടായിരിക്കും.. പിന്നെ അവര് നിർബന്ധിച്ചു ബുദ്ധിമുട്ടിച്ചതുമില്ല.
ഫൈസി പറഞ്ഞത് പോലെ.. അവന്റെ മെസ്സേജ് കണ്ടിരുന്നു.
മീരയെ ഒന്ന് വിളിച്ചേക്ക്. നിന്നെ അവൾക്കിന്ന് വല്ലാണ്ട് മിസ് ചെയ്തെന്ന് തോന്നുന്നു “എന്നവൻ പറഞ്ഞതിന് ഒക്കെ അടിച്ചു പോന്നതാണ്.
പക്ഷേ വിളിക്കാൻ മറന്നു പോയി.
അതെന്തേ.. മറന്നു പോയതാവോ?
തനിക്ക് വേണ്ടി അവൾ കാത്തിരിപ്പുണ്ടാവുമെന്ന് അറിഞ്ഞിട്ടും വിട്ട് പോയതെന്തേ?
“ഡാ…”
ഫൈസിയുടെ വിളിയിലാണ് ഞെട്ടിയത്.
“അവള്… അവളിന്ന് വന്നില്ലെടാ ഫൈസി “
ആ പരിഭവം അവന്റെ ഹൃദയമാവാം പറഞ്ഞത്.
“അതിന്…”
ഫൈസി കടുപ്പത്തിൽ തിരിച്ചു ചോദിച്ചു.
“അതിന്… അതിനൊന്നൂല്ല. വന്നില്ല. അത്ര തന്നെ..”
ക്രിസ്റ്റിയുടെ സ്വരം വല്ലാതെ നേർത്തു.
“അത് കൊണ്ടാണോ നീയിങ്ങനെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ.. ആണോ ടാ?”
ഫൈസിയുടെ ആ ചോദ്യം കേട്ടിട്ടും ക്രിസ്റ്റി ഒന്നും മിണ്ടിയില്ല.
“അവള് വന്നില്ലേൽ വരണ്ടഡാ. അവളുടെ പ്രശ്നങ്ങൾ അവളായിട്ട് തന്നെ പരിഹരിച്ചു കാണും. അതോർത്തു സാമാധാനിക്കയല്ലേ വേണ്ടത്. ഇനി അത് കൂടി നിന്റെ പരട്ട തലയിലേക്ക് എടുത്തു വെക്കേണ്ടല്ലോ.”
“അപ്പൊ… അപ്പൊ ഞാനിനി എങ്ങനെ അവളെ കാണുമെടാ..?”
അറിയാതെ തന്നെ ക്രിസ്റ്റിയുടെ നാവിൽ ആ ചോദ്യമെത്തിയിരുന്നു………..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]