ശനിയാഴ്‌ച സ്‌കൂള്‍ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം; സർക്കാരിന് രണ്ട് മാസം സമയം നൽകി ഹൈക്കോടതി

സ്‌കൂൾ പ്രവൃത്തി ദിനങ്ങൾ 220 ആക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന് രണ്ട് മാസം സമയം നൽകി ഹൈക്കോടതി. സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി സമയം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ച ഹൈക്കോടതി സമയപരിധിക്കുള്ളിൽ സർക്കാർ തീരുമാനമെടുക്കാത്ത പക്ഷം ഹർജിക്കാർക്ക് വീണ്ടും സമീപിക്കാമെന്നും ഉത്തരവിട്ടു.
ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിനെ തുടർന്ന് ശനിയാഴ്‌ചകൾ പ്രവൃത്തി ദിനമാക്കി സർക്കാർ വിദ്യാഭ്യാസ കലണ്ടർ പുനക്രമീകരിച്ചിരുന്നു. പിന്നീട് സർക്കാർ നടപടി ചോദ്യം ചെയ്‌ത് കൊണ്ട് അധ്യാപക സംഘടനകൾ നൽകിയ ഹർജിയിൽ ശനിയാഴ്‌ച പ്രവൃത്തി ദിനമാക്കിയത് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കുകയും കക്ഷികളെ കേട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ നിർദേശിക്കുകയും ചെയ്‌തിരുന്നു.
നടപടി കൈക്കൊള്ളാത്തതിനെ തുടർന്ന് സ്‌കൂൾ മാനേജ്മെൻ്റുകൾ നൽകിയ അപ്പീലിലും സർക്കാർ തീരുമാനമെടുക്കണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്. എന്നാൽ അധ്യാപക – വിദ്യാർഥി സ്‌കൂൾ മാനേജ്മെൻ്റ് സംഘടനകളുടെ വിപുലമായ ഹിയറിങ് നടത്തിയ ശേഷം ഇക്കാര്യത്തിൽ സർക്കാർ അന്തിമമായ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് മൂവാറ്റുപുഴ വീട്ടൂർ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജറും പിടിഎ പ്രസിഡൻ്റും ഹൈക്കോടതിയിൽ കോടതയലക്ഷ്യ ഹർജി നൽകിയത്.
ഈ ഹർജി പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് രണ്ട് മാസത്തിനകം തീരുമാനമെടുക്കാൻ നിർദേശിച്ചത്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിയിരുന്നു.