സെബി മുൻ മേധാവി മാധവി പുരി ബുച്ചിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; ഓഹരിവിപണിയിലെ തട്ടിപ്പ് തിരിച്ചടിയായി

മുൻ സെബി മേധാവി മാധവി പുരി ബുച്ചിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് മുംബൈ പൊലീസിൻ്റെ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പ്രത്യേക കോടതിയുടെ ഉത്തരവ്. ഓഹരിവിപണിയിലെ തട്ടിപ്പും ചട്ടലംഘനങ്ങളുമാണ് മാധവി പുരി ബുച്ചിന് തിരിച്ചടിയായത്. ഇവർക്കൊപ്പം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനും കോടതി നിർദ്ദേശിച്ചു.
“ആരോപണങ്ങൾ വെളിപ്പെടുത്തുന്നത് വ്യക്തമായ കുറ്റകൃത്യമാണ്. അത് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഒത്തുകളി നടന്നതിനും നിയന്ത്രണപരമായ വീഴ്ചകളുണ്ടായതിനും പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. അതിൽ നിക്ഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തിൽ നിയമസംവിധാനത്തിൻ്റെയും സെബിയുടെയും നിഷ്ക്രിയത്വം ജുഡീഷ്യൽ ഇടപെടൽ അനിവാരമാക്കുകയാണ്. ഇക്കാര്യത്തിൽ അടുത്ത 30 ദിവസത്തിനുള്ളിൽ തന്നെ നിജസ്ഥിതി അറിയിക്കണം.” കോടതി ജഡ്ജി എസ്ഇ ബംഗാർ പറഞ്ഞു.
മാധ്യമപ്രവർത്തകനായ സനപ് ശ്രീവാസ്തവ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു കമ്പനി ലിസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വൻതോതിലുള്ള സാമ്പത്തികത്തട്ടിപ്പും അഴിമതിയും നടന്നു എന്നായിരുന്നു സനപ് ശ്രീവാസ്തവ നൽകിയ ഹർജി. ഇതിൽ മുൻ സെബി ചെയർപേഴ്സൺ മാധവി പുരി ബുച്ചും മൂന്ന് സെബി ഉദ്യോഗസ്ഥരും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാൻ പ്രമോദ് അഗർവാളും സിഇഒ സുന്ദരരാമൻ രാമമൂർത്തിയും അടക്കമുള്ളവർ പങ്കാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
അഴിമതിവിരുദ്ധ നിയമവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആൻ്റി കറപ്ഷൻ ബ്യൂറോയോട് കോടതി ആവശ്യപ്പെട്ടു. സെബി ആക്ട്, ഐപിസി എന്നിങ്ങനെ മറ്റ് വകുപ്പുകളും ഇവർക്കെതിരെ ചുമത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്ന കാൽസ് റിഫൈനറീസ് ലിമിറ്റഡ് എന്ന കമ്പനിയിൽ താനും കുടുംബവും 1994 ഡിസംബർ 13ന് നിക്ഷേപം നടത്തിയെങ്കിലും വലിയ നഷ്ടം സംഭവിച്ചു എന്ന് സനപ് പറഞ്ഞു. ഈ കമ്പനിയെ സെബി ലിസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്നാണ് ഇയാളുടെ ഹർജിയിൽ ആരോപിച്ചത്. സെബിയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും താൻ പറഞ്ഞതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ലെന്നും ഇയാൾ ആരോപിച്ചിരുന്നു