അപേക്ഷയുടെ ഒടിപി തെറ്റിച്ചതിന് പിതാവ് വഴക്കുപറഞ്ഞു; തമിഴ്‌നാട്ടിൽ നീറ്റ് വിദ്യാർഥിനി ജീവനൊടുക്കി

ചെന്നൈ: ഒബിസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനിടെ തെറ്റായ ഒടിപി നൽകിയതിൻറെ പേരിൽ പിതാവ് ശകാരിച്ചതിന് പിന്നാലെ നീറ്റ് വിദ്യാർഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് വിലുപ്പുരം സ്വദേശിനി ഇന്ദു (19) ആണ് മരിച്ചത്. പിതാവ് ശകാരിച്ചതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.
ഒബിസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനിടെ പിതാവ് മകളെ വിളിച്ച് ഫോണിൽ വന്ന ഒടിപി പറഞ്ഞു തരാൻ ആവശ്യപ്പെട്ടു. പെൺകുട്ടി രണ്ടുതവണ പറഞ്ഞുകൊടുത്ത ഒടിപിയും തെറ്റിപ്പോകുകയും ചെയ്തു. എന്നാൽ പിന്നീട് ശരിയായ ഒടിപി പറഞ്ഞുകൊടുത്ത് അപേക്ഷ നൽകിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയ പിതാവ് മകളെ ശകാരിക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം നടത്താനാകുമോ എന്ന ആശങ്കയെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ഈ വാദം പോലീസ് തള്ളിക്കളയുകയായിരുന്നു. പ്ലസ്ടു പഠനത്തിന് ശേഷം പെൺകുട്ടി പുതുച്ചേരിയിലെ സ്വകാര്യ പരിശീലനകേന്ദ്രത്തിലാണ് നീറ്റ് കോച്ചിങിനായി പോയത്. കഴിഞ്ഞവർഷം പരീക്ഷ എഴുതിയിരുന്നെങ്കിലും വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടാനായില്ല. ഈ വർഷം വീണ്ടും പരീക്ഷയെഴുതാൻ തയ്യാറെടുക്കവെയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.
2025 ജനുവരി 7 ന്, കോട്ടയിൽ ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന രണ്ട് ആൺകുട്ടികൾ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ആത്മഹത്യ ചെയ്ത സംഭവവും പരീക്ഷാ പേടി മൂലമാണെന്ന് കണ്ടെത്തിയിരുന്നു. മെഡിക്കൽ, എഞ്ചിനീയറിംഗ് കോച്ചിംഗ് സ്ഥാപനങ്ങളുടെ ഒരു പ്രധാന കേന്ദ്രമായ കോട്ടയിൽ 2024 ൽ മാത്രം 17 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്.