Sports

ചാമ്പ്യൻസ് ട്രോഫി അരങ്ങേറ്റം തകർത്ത് വരുൺ ചക്രവർത്തി; ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയിൽ

ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യക്ക് അനായാസ ജയം. ന്യൂസീലൻഡിനെ 44 റൺസിനാണ് ഇന്ത്യ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 249 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് 45.3 ഓവറിൽ 205 റൺസെടുക്കുന്നതിനിടെ ഓളൗട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് ന്യൂസീലൻഡിനെ തകർത്തത്. 81 റൺസ് നേടിയ മുൻ നായകൻ കെയിൻ വില്ല്യംസണാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. സെമിഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡിനും ബാറ്റിംഗ് എളുപ്പമായിരുന്നില്ല. സ്കോർബോർഡിൽ 17 റൺസ് മാത്രമുള്ളപ്പോൾ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റൺസെടുത്ത ഓപ്പണർ രചിൻ രവീന്ദ്രയെ ഹാർദിക് പാണ്ഡ്യ അക്സർ പട്ടേലിൻ്റെ കൈകളിലെത്തിച്ചു. പിന്നീട് വലിയ നഷ്ടങ്ങളില്ലാതെ ന്യൂസീലൻഡ് മുന്നോട്ടുപോയെങ്കിലും വരുൺ ചക്രവർത്തിയുടെ വരവ് അവരുടെ നടുവൊടിച്ചു. വിൽ യങിൻ്റെ (22) കുറ്റി തെറിപ്പിച്ചാണ് താരം വിക്കറ്റ് വേട്ട ആരംഭിച്ചത്.

മൂന്നാം വിക്കറ്റിൽ കെയിൻ വില്ല്യംസണും ഡാരിൽ മിച്ചലും ചേർന്ന് 44 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. എന്നാൽ, മിച്ചലിനെ (17) വീഴ്ത്തി കുൽദീപ് യാദവ് ഈ കൂട്ടുകെട്ട് തകർത്തു. ഡാരിൽ മിച്ചൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. നാലാം വിക്കറ്റിൽ വില്ല്യംസണും ടോം ലാഥവും ചേർന്നൊരുക്കിയ 40 റൺസ് കൂട്ടുകെട്ട് രവീന്ദ്ര ജഡേജ തകർത്തു. 14 റൺസ് നേടിയ ലാഥമിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നാലെ ഗ്ലെൻ ഫിലിപ്സ് (12), മൈക്കൽ ബ്രേസ്‌വെൽ (2) എന്നിവരെയും വിക്കറ്റിന് മുന്നിൽ കുരുക്കിയ വരുൺ ചക്രവർത്തി ന്യൂസീലൻഡിനെ തകർച്ചയിലേക്ക് തള്ളിവിട്ടു. ഒരുവശത്ത് പിടിച്ചുനിന്ന കെയിൻ വില്ല്യംസണെ (81) അക്സർ പട്ടേലിൻ്റെ പന്തിൽ കെഎൽ രാഹുൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതോടെ കിവീസ് ഏറെക്കുറെ തോൽവിയുറപ്പിച്ചു.

എന്നാൽ, കൂറ്റൻ ഷോട്ടുകളുമായി ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തിയ ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ ന്യൂസീലൻഡിന് പ്രതീക്ഷ നൽകി. എന്നാൽ, തൻ്റെ അവസാന ഓവറിൽ സാൻ്റ്നറിൻ്റെ (28) കുറ്റിപിഴുത വരുൺ ചക്രവർത്തി ന്യൂസീലൻഡിൻ്റെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. അതേ ഓവറിൽ മാറ്റ് ഹെൻറിയെ വിരാട് കോലിയുടെ കൈകളിലെത്തിച്ച് വരുൺ അഞ്ച് വിക്കറ്റ് നേട്ടവും തികച്ചു. അവസാന വിക്കറ്റായ വില്ല്യം ഒറൂർകെയെ (1) കുൽദീപ് യാദവാണ് പുറത്താക്കിയത്.

Related Articles

Back to top button
error: Content is protected !!