തണൽ തേടി: ഭാഗം 49

എഴുത്തുകാരി: റിൻസി പ്രിൻസ്
മാത്രമല്ല ആൾക്ക് എന്നേ മനസ്സിലാവും..!
വിശ്വാസത്തോടെ പറഞ്ഞു ലക്ഷ്മി
അത്ര ആത്മവിശ്വാസമൊക്കെ ആയോ നിനക്ക്.?
അവൾ ചോദിച്ചപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു ലക്ഷ്മി
ബേക്കറിയിൽ നിന്ന് ബില്ല് കൊടുത്ത് രണ്ടുപേരും കൂടി ബേക്കറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ പരതിയത് അവിടെ എവിടെയെങ്കിലും സെബാസ്റ്റ്യൻ ഉണ്ടോ എന്നായിരുന്നു..
നിന്നെ ഇടയ്ക്ക് ഒന്ന് കാണാൻ പറ്റില്ലേ.?
അർച്ചന ചോദിച്ചു
ഒരാഴ്ച കൂടി പള്ളിയിൽ ക്ലാസ് ഉണ്ടാകും. അത് കഴിഞ്ഞ് എങ്ങനെയെങ്കിലും അമ്മായിയോടോ മറ്റോ പറഞ്ഞ് സർട്ടിഫിക്കറ്റ് എടുക്കണം എന്ന് ആണ് വിചാരിക്കുന്നത്. എന്തെങ്കിലും ജോലി നോക്കാല്ലോ
ലക്ഷ്മി പറഞ്ഞു
അത് നന്നായി, നിന്റെ ഈ മതം മാറുന്ന തീരുമാനം മാത്രം എനിക്ക് അത്ര ഇഷ്ടായില്ല. അതിന്റെ ആവശ്യം ഉണ്ടായിരുന്നോ..?
അങ്ങനെയൊരു തീരുമാനമെടുത്തത് മറ്റൊന്നും കൊണ്ടല്ലടി, ആ അച്ഛനും അമ്മയും ഞാൻ കാരണം ഒരുപാട് വിഷമിച്ചു. അവർക്ക് എന്തെങ്കിലും ഒരു സന്തോഷം കിട്ടിക്കോട്ടെ എന്ന് വിചാരിച്ചു. പിന്നെ മതം മാറി എന്ന് വെച്ചിട്ട് എനിക്ക് എന്തുമാറ്റം വരാനാ.? എല്ലാ മതങ്ങളും ഒന്നുതന്നെയല്ലേ. നമ്മൾ ഏതു മതത്തിൽ ജീവിക്കുന്നു എന്നതൊന്നുമല്ലല്ലോ നമ്മുടെ പ്രവർത്തി എങ്ങനെയാണ് എന്നുള്ളതല്ലേ പ്രധാനം. ആളിന്റെ അച്ഛനും അമ്മയും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പുള്ളിയുടെ കല്യാണം. അത് പള്ളിയിൽ വച്ച് തന്നെ വേണമെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയതൊക്കെ ആണ്. അപ്പൊൾ അവരുടെ ആ സ്വപ്നം ഞാനായിട്ട് തച്ചുടയ്ക്കുന്നത് ശരിയല്ലല്ലോ. ഒരു അമ്മയുടെ വിഷമം അമ്മയ്ക്ക് മാത്രമേ അറിയൂ. എനിക്ക് ഒരു അമ്മ ഇല്ലാത്തതുകൊണ്ട് എനിക്കത് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. എനിക്ക് അമ്മ ഉണ്ടായിരുന്നെങ്കിൽ എന്റെ അമ്മയ്ക്ക് അങ്ങനെ ആഗ്രഹം ഉണ്ടാവില്ലേ.? എന്റെ കല്യാണം നന്നായിട്ട് നടക്കുന്നത് കാണാൻ.. അത്രയുമേ ഞാൻ കരുതിയുള്ളൂ.
നീ ഒരുപാട് മാറിയോ.? നിന്റെ ചിന്തകളിൽ എല്ലാം ആൾക്കാണ് ഇപ്പോൾ പ്രിഫ്രൻസ്. ഇത്രയും ചെറിയ സമയം കൊണ്ട് ആള് നിന്റെ മനസ്സിൽ ഇത്രയും വലിയൊരു സ്ഥാനം നേടുമെന്ന് ഞാൻ വിചാരിച്ചില്ല. നീ വിവേകിനെക്കുറിച്ച് ഇത്രയും ഇഷ്ടത്തോടെ ഒരിക്കൽപോലും എന്നോട് പറഞ്ഞിട്ടില്ല
അർച്ചന പറഞ്ഞപ്പോൾ ചിരിക്കുക മാത്രമേ ലക്ഷ്മി ചെയ്തുള്ളൂ.
നിർത്തിയിട്ടിരിക്കുന്ന ബസ്സുകൾ നോക്കി നോക്കി അവസാനം സെന്റ് മേരീസ് ബോർഡ് എഴുതിയ ബസിന്റെ അരികിലേക്ക് രണ്ടുപേരും എത്തി..
ആളുകൾ ഒന്നും അധികം കേറിത്തുടങ്ങിയിട്ടില്ല. ആരുമില്ല ബസിൽ. വാതിലിന്റെ അരികിലുള്ള സീറ്റിൽ ആയി വാതിലിലെ കമ്പിയുടെ മുകളിൽ കാല് രണ്ടും നീട്ടി പൊക്കി വച്ച് മൊബൈലിൽ എന്തോണ്ടിക്കൊണ്ട് സെബാസ്റ്റ്യൻ ഇരിക്കുന്നത് ലക്ഷ്മി കണ്ടിരുന്നു.
അതല്ലേ ആള്…?
സെബാസ്റ്റ്യനേ നോക്കി പരിചയ ഭാവത്തോടെ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അർച്ചന ചോദിച്ചപ്പോൾ അവൾ അതേന്ന അർത്ഥത്തിൽ തലയാട്ടി കാണിച്ചിരുന്നു.
ഒരു പേടിയും ഇല്ലാതെ അർച്ചന വണ്ടിയിലേക്ക് കയറിയപ്പോൾ ഒന്ന് ഭയന്നു പോയിരുന്നു ലക്ഷ്മി. അവൾ കയറാൻ മടിച്ചുനിന്നു.
അപ്പോഴേക്കും സെബാസ്റ്റ്യൻ കണ്ണുയർത്തി അർച്ചനയേ ഒന്നു നോക്കി. അവളെ കണ്ട് മനസിലായിരുന്നില്ല എങ്കിലും അവൻ പെട്ടെന്ന് കാലുകൾ താഴ്ത്തിയിരുന്നു. അപ്പോഴാണ് പുറത്തു നിന്ന് പരുങ്ങി കളിക്കുന്ന ലക്ഷ്മിയെ കണ്ടത്. അതോടെ സെബാസ്റ്റ്യൻ ഫോൺ ലോക്ക് ചെയ്ത് സീറ്റിലേക്ക് വച്ചതിനു ശേഷം അർച്ചനയേ ഒന്നുകൂടി നോക്കി
.ഞാൻ അർച്ചന, ലക്ഷ്മിയുടെ ഫ്രണ്ട് ആണ്.
അവൾ സ്വയം പരിചയപ്പെടുത്തിയപ്പോൾ സെബാസ്റ്റ്യൻ ഒന്ന് ചിരിച്ചു. ശേഷം സീറ്റിൽ നിന്നും എഴുന്നേറ്റു..
കേറി വാടി..
ലക്ഷ്മിയോട് അർച്ചന പറഞ്ഞപ്പോൾ ലക്ഷ്മിയെ ഒന്ന് നോക്കിയിരുന്നു സെബാസ്റ്റ്യൻ.
ഞാൻ ചേട്ടനേ പരിചയപ്പെടാൻ വേണ്ടി വന്നതാ. എനിക്ക് ചേട്ടനെ അറിയാം.
അർച്ചന സ്വയം പരിചയപ്പെടുത്തുകയാണ്. സെബാസ്റ്റ്യൻ നന്നായെന്ന് ചിരിച്ചു കാണിച്ചു .
തന്റെ പേരെന്താ.?
സെബാസ്റ്റ്യൻ അവളോട് ചോദിച്ചു
അർച്ചന, ഞാൻ ഇവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് ട്ടോ. എല്ലാ കാര്യങ്ങളും അവൾ എന്നോട് പറഞ്ഞു.
അതിനുമോന്ന് പുഞ്ചിരിക്കുക മാത്രമാണ് സെബാസ്റ്റ്യൻ ചെയ്തത്.
തനിക്ക് എന്നെ എങ്ങനെ അറിയാം.?
സെബാസ്റ്റ്യൻ അവളോട് ചോദിച്ചു
ഞാൻ ഇടക്കൊക്കെ ഈ ബസ്സിന് കയറാറുള്ളത് ആണ്. അപ്പോഴൊക്കെ ഞാൻ ചേട്ടനെ കണ്ടിട്ടുണ്ട്. പിന്നെ ഞങ്ങളുടെ കോളേജിൽ ചേട്ടനെ അറിയാത്തത് ഇവൾക്ക് മാത്രം ആയിരിക്കും
അർച്ചന പറഞ്ഞപ്പോൾ സെബാസ്റ്റ്യന് ചെറിയൊരു നാണം തോന്നി….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…