കരുവാരക്കുണ്ടിൽ കടുവയെ കണ്ടെന്ന് പറഞ്ഞ് വ്യാജ വീഡിയോ; യുവാവിനെ അറസ്റ്റ് ചെയ്തു

മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി ജെറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വനംവകുപ്പിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആർത്തല എസ്‌റ്റേറ്റിന് സമീപം താൻ കണ്ട കടുവയുടേതെന്ന രീതിയിൽ ഇയാൾ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു
നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിന്റെ നേതൃത്വത്തിൽ ജെറിനെ ചോദ്യം ചെയ്തപ്പോഴാണ് പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിൻ സമ്മതിച്ചത്. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിനും ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു
സുഹൃത്തിന്റെ കൂടെ ജീപ്പിൽ മലയിലേക്ക് പോകുമ്പോഴാണ് കടുവയെ കണ്ടതെന്നാണ് ജെറിൻ പറഞ്ഞിരുന്നത്. ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു. എന്നാൽ വനംവകുപ്പിന്റെ അന്വേഷണത്തിൽ ജെറിൻ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. മൂന്ന് വർഷം മുമ്പ് യൂട്യൂബിൽ വന്ന വീഡിയോ എഡിറ്റ് ചെയ്താണ് ജെറിൻ പ്രചരിപ്പിച്ചത്.