Novel

തണൽ തേടി: ഭാഗം 51

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അപ്പോഴേക്കും ബസ്സിലേക്ക് ഒന്ന് രണ്ട് ആളുകളൊക്കെ കേറി തുടങ്ങി. ആ സമയം അവൾക്ക് അരികിൽ നിന്നും അവനെഴുന്നേറ്റു

എനിക്ക് ഈ മിണ്ടപെണ്ണിനെയാ ഇഷ്ട്ടം കേട്ടോ..!

പോകും വഴി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ കാതോരം പറഞ്ഞവൻ.

അവൾ അവനെ ഒന്ന് പാളി നോക്കി, അപ്പോഴേക്കും അവൻ ടിക്കറ്റ് എടുക്കാനായി പോയിരുന്നു…

ഡ്രൈവിംഗ് സീറ്റിൽ കുറച്ചു മുൻപേ അവൻ വിഷ്ണു എന്ന് വിളിച്ച കണ്ടക്ടറാണ്. അവൻ എന്താണ് ഡ്രൈവിംഗ് സീറ്റിൽ കയറാത്തത് എന്ന ഒരു നിമിഷം അവൾ ഓർത്തു.

വണ്ടിയിലേ തിരക്ക് കൂടിയതോടെ അവനെ കാണാൻ സാധിക്കാതെയായി. എല്ലാവർക്കും ടിക്കറ്റ് കൊടുക്കുന്ന തിരക്കിലാണ് അവൻ..

ടിക്കറ്റ് കൊടുത്ത് ആൾ ഒന്ന് ഒതുങ്ങിയപ്പോൾ അവൻ വാതിലിന് അരികിലായി വന്ന് നിന്നു

ഇടയ്ക്ക് ആള് കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യുമ്പോൾ, ഒരുകിളി ചെയ്യുന്ന ജോലി കൂടി ചെയ്യുന്നുണ്ട്. തൻറെ അരികിൽ മറ്റൊരു ചേച്ചി ഇരിപ്പുണ്ട് അതുകൊണ്ടുതന്നെ അവനോട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.

ഇടയ്ക്ക് തന്റെ മുഖത്തേക്ക് നോക്കാൻ അവനും ഒന്നും മറന്നിട്ടില്ല. ഇടയ്ക്ക് ഡ്രൈവറിന്റെ അരികിലേക്ക് പോയവൻ വിഷ്ണുവിനോട് എന്തോ പറഞ്ഞപ്പോൾ സ്റ്റീരിയോയിൽ ഗാനം മുഴങ്ങി.

🎶അറിയാതെ ഇഷ്ടമായി
അന്നുമുതലൊരു സ്നേഹ ചിത്രമായി
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എന്റെ എല്ലാമായി..

അതിലേറെ ഇഷ്ടമായി..
എന്തു പറയണമെന്ന ചിന്തയായി
പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
എന്റെ മാത്രം നീ🎶

പാട്ട് വന്നതും കീഴ്ച്ചുണ്ട് അകത്തേക്ക് കൂട്ടി പിടിച്ചു ചിരിച്ചു കാണിക്കുകയും കണ്ണു ചിമ്മി കാണിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ആൾ. അപ്പോഴും ഉള്ളിൽ അവൻ പറഞ്ഞ വാക്കുകൾ മാത്രമാണ് നിറഞ്ഞുനിൽക്കുന്നത്.

“എനിക്ക് ഈ മിണ്ടപെണ്ണിനെയാ ഇഷ്ട്ടം കേട്ടോ..!

അടുത്ത സ്റ്റോപ്പിൽ ആണെ ഇറങ്ങേണ്ടത്…

അവളുടെ മുഖത്തേക്ക് നോക്കി അവൻ കുറച്ച് സ്റ്റോപ്പുകൾ കഴിഞ്ഞപ്പോൾ പറഞ്ഞു. അവൾ തലയാട്ടി സമ്മതിക്കുകയും ചെയ്തിരുന്നു.

വണ്ടി സ്റ്റോപ്പിൽ നിർത്തിയപ്പോഴേക്കും ആദ്യം ഇറങ്ങിയത് സെബാസ്റ്റ്യൻ തന്നെയാണ്. ഒപ്പം തന്നെ അവളോട് കണ്ണുകൾ കൊണ്ട് ഇറങ്ങി വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അവൾ സ്റ്റോപ്പിലേക്ക് ഇറങ്ങി വന്നപ്പോൾ വിഷ്ണുവിനോട് കൈകൾ കൊണ്ട് എന്തോ ഒരു ആംഗ്യം കാണിച്ച് സെബാസ്റ്റ്യൻ മുൻപേ നടന്നിരുന്നു. ഇതെന്താണെന്ന് അറിയാതെ അവളും അവന്റെ പിന്നാലെ നടന്നു.

എന്താ ബസ്സിൽ പോകാഞ്ഞത്..?

അവൾ സംശയം തീർക്കാനായി അവനോട് ചോദിച്ചു

കഴിക്കണ്ടേ..?

അവളുടെ മുഖത്തേക്ക് നോക്കി അവൻ മറുപടി പറഞ്ഞപ്പോഴാണ് താൻ കഴിക്കാൻ വരണമെന്ന് പറഞ്ഞതിനാണ് അവൻ ഇപ്പോൾ ഇറങ്ങിയത് എന്ന് മനസ്സിലായത്.. അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

തിരിച്ചുപോണോ.?

അവളുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ അവൻ ചോദിച്ചു.

അയ്യോ വേണ്ട

അവൾ പെട്ടെന്ന് മറുപടി പറഞ്ഞു

എങ്കിൽ വേഗം നടന്നോ, വണ്ടി തിരിച്ചു വരുമ്പോഴേക്കും എനിക്ക് പോണ്ടതാ…

ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ പിന്നാലെ നടന്നു..

കൂട്ടുകാരി എന്തൊക്കെയാ പറഞ്ഞത്..?

പോണ പോക്കിൽ അവൻ ചോദിക്കുന്നുണ്ട്.

അവൾ പറഞ്ഞത് മുഴുവൻ ഇദ്ദേഹത്തിന്റെ ഫാൻസിനെ കുറിച്ച് ആണ്. കോളേജിൽ മുഴുവൻ ഇഷ്ടംപോലെ ഫാൻസ് ഉണ്ടെന്നും. എന്റെ ഒരു ഫ്രണ്ടിന് അസ്ഥിക്ക് പിടിച്ച പ്രേമമായിരുന്നു എന്നൊക്കെ.

മറ്റെവിടെയോ നോക്കി അവള് പറയുമ്പോൾ ആ മുഖത്ത് മിന്നിമറയുന്ന അസൂയയും കുശുമ്പും ഒക്കെ കാണുകയായിരുന്നു ചെറു ചിരിയോടെ സെബാസ്റ്റ്യൻ.

അതേത് ഫ്രണ്ട്..?

അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

എന്റെ കൂടി പഠിക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അവൾക്ക് വലിയ ഇഷ്ടായിരുന്നു നമ്മളെ കാണാൻ വേണ്ടി ഇടയ്ക്ക് ബസ്സിലൊക്കെ കേറാറുണ്ട്..

ഞാൻ ശ്രദ്ധിച്ചിട്ടില്ല ചെറു ചിരിയോടെ അവൻ പറഞ്ഞു

ഇഷ്ടം പോലെ ആൾക്കാരല്ലേ നോക്കുന്നെ, അപ്പോൾ എങ്ങനെയാ ഒരാളെ തന്നെ ശ്രദ്ധിക്കുക അല്ലേ?

തെല്ലു കുശുമ്പ് കലർന്ന ഒരു മറുപടിയാണ് അതെന്ന് അവന് തോന്നിയിരുന്നു…

അതും ശരിയാ..

കാക്കി ഷർട്ട്‌ ഊരി തോളിൽ ഇട്ട് അവൻ പറഞ്ഞപ്പോൾ അവളൊന്നു കൂർപ്പിച്ചു നോക്കി

അതിരിക്കട്ടെ എന്താ കൂട്ടുകാരുടെ പേര്..?

അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെ അവൻ ചോദിച്ചു..

അവൾ അവനെ കൂർപ്പിച്ചു നോക്കി..

ചുമ്മാ അറിഞ്ഞിരിക്കാലോ എന്ന് കരുതി ചോദിച്ചതാണേ.

അവൻ കൈ തൊഴുതു കൊണ്ട് പറഞ്ഞു

അങ്ങനെ അറിയണ്ട

മറ്റെവിടെയോ നോക്കി പറഞ്ഞവൾ

എങ്കിൽ വേണ്ട, ഞാൻ അങ്ങനെ ഈ ബസ്സിൽ കയറുന്ന പെൺകുട്ടികളെ ഒന്നും ശ്രദ്ധിക്കാറില്ല

ചെറുചിരിയോട് അവൻ പറഞ്ഞപ്പോൾ ആ മുഖത്ത് നേരിയ ഒരു ആശ്വാസം പടരുന്നത് അവൻ കണ്ടിരുന്നു.

അതെ…..

അവൾ അവനെ ഒന്നു വിളിച്ചു. തിരിഞ്ഞു നോക്കിയ അതേ സ്പീഡിൽ തന്നെ അവൻ കല്ലിൽ തട്ടി വീഴാൻ തുടങ്ങിയപ്പോൾ. അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു.

വീണോ.?

ആദിയോടെ അവൾ ചോദിച്ചു.
അവളുടെ കൈയിൽ മുറുക്കിപ്പിടിച്ച് കണ്ണിലേക്ക് നോക്കിയാണ് അവൻ മറുപടി പറഞ്ഞത്…

വീണു ശരിക്കും വീണു

ആ മറുപടിക്ക് ഒരുപാട് അർത്ഥങ്ങളുണ്ടെന്ന് ആ നിമിഷം അവൾക്ക് തോന്നി…..തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!