Kerala

പൊറോട്ടയും ഇറച്ചിയും വേണമെന്ന് അഫാന്‍; കാവലിന് സെല്ലിനു മുന്നില്‍ ഉറക്കമിളച്ച് മൂന്ന് പൊലീസുകാർ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാൻ്റെ ആദ്യ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പാങ്ങോട് പൊലീസ്. അഫാൻ്റെ മുത്തശിയെ കൊലപ്പെടുത്തിയ കേസിലുള്ള തെളിവെടുപ്പ് മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഇന്ന് പൊലീസ് കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ അഫാനെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. മൂന്നു ദിവസത്തെ പാങ്ങോട് പൊലീസിൻ്റെ കസ്റ്റഡിയിലുണ്ടായിരുന്ന അഫാനെ പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് പൊലീസ് പാര്‍പ്പിച്ചിരുന്നത്.

എല്ലാ ദിവസവും രാത്രയിലെ ഭക്ഷണം നല്‍കുമ്പോള്‍ പൊറോട്ടയും ഇറച്ചിയും വേണമെന്നാണ് അഫാൻ്റെ പ്രധാന ആവശ്യം. കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി കൊണ്ടു പോകുന്നതിനിടെ പൊലീസ് ഉച്ച ഭക്ഷണം നല്‍കിയപ്പോള്‍ അഫാന്‍ മീന്‍ കറി ആവശ്യപ്പെട്ടിരുന്നു. അഫാന് കാവലിന് ലോക്കപ്പിനു മുന്നില്‍ മൂന്ന് പൊലീസുകാരെയാണ് പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കാവല്‍ ഏര്‍പ്പെടുത്തിയിരുന്നത്.

അഫാന്‍ സെല്ലില്‍ തല തല്ലി അത്യാഹിതം സംഭവിക്കുമോ എന്ന ആശങ്കയിലായിരുന്നു ഇത്രയും പൊലീസുകാരെ കാവലില്‍ ഏല്‍പ്പിക്കാൻ കാരണം. പിതാവിൻ്റെ ഉമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വര്‍ണം പണയപ്പെടുത്തിയ വെഞ്ഞാറമൂട്ടിലെ സ്ഥാപനത്തിലും ചുറ്റിക വാങ്ങിയ കടയിലും എത്തിച്ചു തെളിവെടുത്തു.

ഇരു കടകളിലെയും ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞു. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ രാവിലെ തന്നെ തെളിവെടുപ്പ് തുടങ്ങി. കാര്യമായ ഭാവ വ്യത്യാസങ്ങളൊന്നും പ്രതിയില്‍ നിന്ന് പ്രകടമായില്ല. നിഷ്‌ഠൂരമായ കൊലപാതകങ്ങള്‍ക്ക് പ്രതി ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും പിതാവിൻ്റെ ഉമ്മയെ കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന് പണയം വച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുമായിരുന്നു തെളിവെടുപ്പ്.

പണയം വച്ച് ലഭിച്ച തുക, നേരത്തെ കടം വാങ്ങിയിരുന്ന മറ്റു ചിലര്‍ക്ക് ഓണ്‍ലൈനായി അയച്ചുകൊടുത്തിരുന്നു. ഉമ്മയെയും കാമുകിയെയും അനുജനെയും ആക്രമിച്ച് വീട്ടിലേക്ക് ഇവര്‍ വരാനുള്ള സാധ്യത ഒഴിവാക്കാനാണ് കൃത്യം നടന്ന ദിവസം പണം അയച്ചുകൊടുത്തത്. പിതാവിൻ്റെ ഉമ്മയെ കൊലപ്പെടുത്തിയ പാങ്ങോട്ടെ വീട്ടിലും പേരുമലയില്‍ പ്രതിയുടെ വീട്ടിലും കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.

വെഞ്ഞാറമൂട് പൊലീസും വൈകാതെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. പിതാവിൻ്റെ സഹോദരനെയും അദ്ദേഹത്തിൻ്റെ ഭാര്യയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഇനിയും അറസ്റ്റ് റെക്കോര്‍ഡ് ചെയ്യാന്‍ ഉണ്ട്. പ്രതിയുടെ മാനസിക നില വിശദമായി പരിശോധിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് അന്വേഷണസംഘം കത്ത് നല്‍കി. ഇന്ന് ജയിലില്‍ ഹാജരാക്കുന്ന പ്രതിയെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കും.

അഫാൻ്റെ വീട്ടില്‍ പെണ്‍ സുഹൃത്തിനെയും ഒന്‍പതാം ക്ലാസുകാരനായ സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ വെഞ്ഞാറമൂട് പൊലീസാണ് ഇനി കസ്റ്റഡിയില്‍ വാങ്ങുക. അതിനു ശേഷമായിരിക്കും പിതാവിൻ്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലുള്ള കസ്റ്റഡി അപേക്ഷ.

Related Articles

Back to top button
error: Content is protected !!