മൂന്ന് വർഷത്തിൽ 65 ലക്ഷം രൂപയുടെ കടബാധ്യത; വരുത്തിവച്ചത് അമ്മയെന്ന് അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിൽ പ്രതി അഫാന്റെ കുടുംബത്തിന് എങ്ങനെ 65 ലക്ഷം രൂപ കടം വന്നുവെന്ന് അന്വേഷിക്കാനൊരുങ്ങി പോലീസ്. 2021ന് ശേഷം മൂന്നര വർഷം കൊണ്ടാണ് അഫാന്റെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടാകുന്നത്. അമ്മ മൂലമാണ് ഇത്രയും വലിയ കടം ഉണ്ടായതെന്നാണ് അഫാന്റെ മൊഴി. നിരന്തരമായി കടക്കാരുടെ ശല്യം കുടുംബത്തിന് ഉണ്ടായിരുന്നുവെന്നാണ് സൂചന.
പലിശക്കാരിൽ നിന്ന് പലപ്പോഴായി ഇവർ വായ്പകൾ എടുത്തിട്ടുണ്ട്. പലിശക്കാരുമായുള്ള പണമിടപാടുകൾ, 65 ലക്ഷത്തിൽ എത്ര രൂപ പലിശയിൽ മാത്രം ഉൾപ്പെടുന്നു, തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം അഫാന്റെ അമ്മ ഷമീമയോട് വിവരം തേടാൻ ഒരുങ്ങുകയാണ് പോലീസ്. ഇതിന് പുറമെ ബന്ധുക്കളുടെ വീടുകളുടെ ആധാരവും സ്വർണവും വാങ്ങി ഇവർ പണയം വെച്ചിട്ടുണ്ട്. ആദ്യ രണ്ടര വർഷം ഷമീമായാണ് പണമിടപാടുകളെല്ലാം കൈകാര്യം ചെയ്തിരുന്നത്. എന്തിന് വേണ്ടിയാണ് ഇത്രയുമധികം പണം കടം വാങ്ങിയതെന്നത് അറിയണമെങ്കിൽ ഷമീമയുടെ സഹകരണം വേണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കൊലപാതകം നടന്ന ദിവസം അഫാനും ഷമീമയും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി സൂചനകൾ ഉണ്ട്. കൂടാതെ, കാമുകിയായ ഫർസാനയോട് വൈരാഗ്യം ഉണ്ടാകാനുള്ള കാരണം പണയം വെച്ച മാല തിരികെ ചോദിച്ച് നിരന്തരം ബുദ്ധിമുട്ടിച്ചത് കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം അഫാൻ വെളിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഫർസാനയെ അഫാൻ കൊലപ്പെടുത്തിയത്.
കൂട്ടകൊലപാതം ചെയ്യാൻ പദ്ധതിയിട്ട അഫാൻ അന്ന് വീട്ടിലേക്ക് കടക്കാർ ആരെങ്കിലും ശല്യത്തിന് എത്തിയാൽ അക്രമിക്കുന്നതിന് വേണ്ടി മുളകുപൊടിയും വാങ്ങി സൂക്ഷിച്ചിരുന്നതായി പോലീസിനോട് സമ്മതിച്ചു. കൊലപാതകങ്ങൾ നടത്തിയ ശേഷം വീട് കത്തിക്കാൻ ആയിരുന്നു അഫാന്റെ പദ്ധതി. ഇതിനായി ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ചതിന് ശേഷമാണ് അഫാൻ പോലീസ് സ്റ്റേഷനിലേക്ക് പോയത്. ഫെബ്രുവരി 24നായിരുന്നു സംഭവം നടന്നത്. പിതാവിന്റെ അമ്മ സൽമാ ഭീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്സാൻ, കാമുകി ഫർസാന എന്നിവരെയാണ് അഫാൻ ആറ് മണിക്കൂറിനുള്ളിൽ കൊലപ്പെടുത്തിയത്.