എറണാകുളം ജനറല്‍ ആശുപത്രിയില്‍ സുരക്ഷാവീഴ്ച; ഗൈനിക്ക് വാര്‍ഡില്‍ കോണ്‍ക്രീറ്റ് ജനല്‍പാളി അടര്‍ന്ന് വീണു

എറണാകുളം: ജനറല്‍ ആശുപത്രിയിലെ ഗൈനക്ക് വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീണു. അപകടത്തില്‍ പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നത്.
എട്ട് രോഗികളായിരുന്നു സംഭവ സമയത്ത് വാര്‍ഡിലുണ്ടായിരുന്നത്. അഞ്ച് ദിവസം പ്രായമായ കുഞ്ഞ് കിടന്നിരുന്ന കട്ടിലിന് സമീപത്തായിരുന്നു കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ പതിച്ചത്. കുഞ്ഞിന് പാല്‍ കൊടുത്ത് മാറ്റികിടത്തിയ സമയത്ത് ഒരു മിനിറ്റ് വ്യത്യാസത്തിലായിരുന്നു അപകടം നടന്നത്. കുഞ്ഞിനെ മാറ്റിയതിനാല്‍ ഒഴിവായത് വലിയ അപകടമെന്ന് കൂട്ടിരുപ്പുകാര്‍ പറഞ്ഞു. നടന്നത് സാരമായ സംഭവമല്ലെന്നും രോഗികളെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളെയും കൂട്ടിയിരുപ്പുകാരെയും ഉടന്‍ പ്രസവ വാര്‍ഡിലേക്ക് മാറ്റി. സമീപത്തെ കെട്ടിടങ്ങളുടെ പല ഭാഗത്തും ബലക്ഷയം കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ വീഴ്ച പരിഹരിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.