ഇറങ്ങിപ്പോക്ക്, ഫേസ്ബുക്ക് പോസ്റ്റ്; മുതിർന്ന സിപിഎം നേതാവ് പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത

സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയ പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എം പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത. ഇറങ്ങിപ്പോയതിന് പിന്നാലെ പത്മകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലും പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. മറ്റന്നാൾ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നടപടി ചർച്ച ചെയ്‌തേക്കും
സിപിഎം സംസ്ഥാന സമിതിയിൽ എടുത്തില്ലെന്ന അതൃപ്തി പരസ്യമാക്കിയാണ് പത്മകുമാർ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ അവസാനിക്കാനിരുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ അവസാനനിമിഷത്തെ കല്ലുകടിയായി മാറി പത്മകുമാറിന്റെ നീക്കം
ഉച്ചഭക്ഷണത്തിന് നിൽക്കാതെയാണ് പത്മകുമാർ കൊല്ലം വിട്ടത്. പിന്നാലെ ചതിവ്, വഞ്ചന, അവഹേളനം-52 വർഷത്തെ ബാക്കിപത്രം, ലാൽസലാം എന്ന പോസ്റ്റും ഇട്ടു. പോസ്റ്റ് ചർച്ചയായതോടെ ഇത് പിന്നീട് പിൻവലിച്ചിരുന്നു. പാർട്ടി അണികളിൽ നിന്ന് പോലും പത്മകുമാറിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.
അതേസമയം പത്മകുമാറിനെ സ്വാഗതം ചെയ്ത് കോൺഗ്രസും ബിജെപിയും രംഗത്തുവന്നു. പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം അറിയിച്ചു. പത്മകുമാർ വന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി.