ഗർഭാശയ ശസ്ത്രക്രിയക്കിടെ അണുബാധ; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം വീട്ടമ്മ മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനിയാണ് മരിച്ചത്. ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ അണുബാധയുണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിലാസിനിക്ക് ശസ്ത്രക്രയ നടത്തിയത്. ശസ്ത്രക്രിയക്കിടെ കുടലിന് പരുക്കേറ്റതായി ഡോക്ടർ തന്നെ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ശസ്ത്രക്രിയയുടെ രണ്ടാം ദിവസം ആഹാരം നൽകി രണ്ട് മണിക്കൂർ കഴിഞ്ഞതോടെ വയറുവേദനയും അസ്വസ്ഥതയും ആരംഭിച്ചു.
വൈകുന്നേരത്തോടെ ഐസിയുവിലേക്ക് മാറ്റി. കുടലിലെ ക്ഷതം പരിഹരിക്കാൻ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും വിലാസിനി ഇന്ന് രാവിലെയോടെ മരിച്ചു. എന്നാൽ കുടലിലുണ്ടായ ക്ഷതത്തിലൂടെയുള്ള ലീക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും ചികിത്സാ പിഴവല്ലെന്നുമാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്.