പുടിന്റെ വാക്കുകൾ പ്രത്യാശ നൽകുന്നു; അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ട്: ട്രംപ്

യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ വാക്കുകൾ പ്രത്യാശ നൽകുന്നതാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വളരെ പ്രത്യാശ നൽകുന്ന പ്രസ്താവനയാണ് പുടിന്റേത്. പക്ഷേ പൂർണമല്ല. എനിക്ക് അദ്ദേഹത്തെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്നും ട്രംപ് പറഞ്ഞു
സൗദിയിൽ നടത്തിയ ചർച്ചയിൽ അമേരിക്ക മുന്നോട്ടുവെച്ച 30 ദിവസത്തെ താത്കാലിക വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നതായി പുടിൻ പറഞ്ഞിരുന്നു. അമേരിക്കൻ നിർദേശം അംഗീകരിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സമാധാനത്തിന് സാധ്യത തെളിയുന്നത്
വെടിനിർത്തൽ പദ്ധതിയിലെ ചില നിർദേശങ്ങളിൽ വിയോജിപ്പുണ്ടെന്നും ഇക്കാര്യം യുഎസുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പുടിൻ പറഞ്ഞു. റഷ്യ അംഗീകരിച്ചില്ലെങ്കിൽ ലോകത്തിന് വളരെ നിരാശജനകമായ നിമിഷമാകുമെന്ന് ട്രംപും പ്രതികരിച്ചു.