കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി; തിരൂരിൽ ഉള്ളതായി വിവരം ലഭിച്ചു

കൊല്ലത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ മലപ്പുറത്ത് കണ്ടെത്തി. കുട്ടി തിരൂർ റെയിൽവേ സ്റ്റേഷനിലുണ്ടെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പെൺകുട്ടി തന്നെയാണ് താൻ തിരൂരിലുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്. നിലവിൽ കുട്ടി ആർപിഎഫിന്റെ കസ്റ്റഡിയിലാണുള്ളത്
കുട്ടിയെ തിരിച്ചെത്തിക്കാനായി രക്ഷിതാക്കളും കുന്നിക്കോട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തിരൂരിലേക്ക് പോകും. വ്യാഴാഴ്ച വൈകിട്ട് മുതലാണ് കുട്ടിയെ കാണാതായത്. കുട്ടി ട്രെയിനിൽ കയറി പോയതായി വിവരം ലഭിച്ചിരുന്നു.
അമ്മ ഭക്ഷണം കഴിക്കാൻ പറഞ്ഞതിന്റെ പേരിൽ കുട്ടിയുമായി വഴക്കുണ്ടാകുകയും പിന്നാലെ കുട്ടി വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങി പോകുകയുമായിരുന്നു. കുട്ടിയും സഹോദരനും അമ്മയും അമ്മയുടെ മാതാപിതാക്കളുമാണ് വീട്ടിലുള്ളത്.
കുട്ടി പോകുന്ന സമയത്ത് മുത്തശ്ശി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. നോമ്പ് ആയതിനാൽ കുട്ടി കിടന്നുറങ്ങുകയാണെന്നാണ് മുത്തശ്ശി ആദ്യം കരുതിയത്. പിന്നീട് വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായതായി വിവരം അറിയുന്നത്.