Kerala

പത്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന സൂചനയുമായി എംവി ഗോവിന്ദന്‍; പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യം പരസ്യമായി പറഞ്ഞത് തെറ്റ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പരസ്യമായി അതൃപ്‌തി രേഖപ്പെടുത്തിയ പത്തനംതിട്ടയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരെ സംഘടനാ നടപടിയുണ്ടാകുമെന്നുറപ്പായി. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറഞ്ഞത് സംഘടനാപരമായ തെറ്റാണെന്നും ആരൊക്കെ ആ നിലപാട് സ്വീകരിച്ചോ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കൊല്ലത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ആദ്യ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗോവിന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എത്ര വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു എന്നതല്ല, മുതിര്‍ന്ന നേതാക്കളും പുതിയ സഖാക്കളും ചേര്‍ന്നുള്ള കൂട്ടായ നേതൃത്വമാണ് പാര്‍ട്ടിക്ക് വേണ്ടതെന്ന് പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിന് പ്രധാനമായി പാര്‍ട്ടികാണുന്നത് യോഗ്യതയും മൂല്യവുമാണ്. ഈ രണ്ടിനെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ട് നവീകരിക്കുക എന്ന പ്രക്രിയ ബ്രാഞ്ച് തലം മുതല്‍ മേലോട്ട് നടന്ന ഒരു കാര്യമാണ്.

അങ്ങനെയാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റുമെല്ലാം രൂപപ്പെട്ടത്. ഇക്കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും കൂട്ടായി ബോധ്യപ്പെടുകയാണ് വേണ്ടത്. ബോധ്യപ്പെടാത്തവരുണ്ടെങ്കില്‍ അതുണ്ടാക്കും. അക്കാര്യങ്ങള്‍ സംഘടനാപരമായി നോക്കാന്‍ പാര്‍ട്ടിക്കറിയാമെന്നും അതൊന്നും മാധ്യമങ്ങള്‍ നോക്കണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇതിന്‍റെ മറുപടിയാണ് താന്‍ ഇപ്പോള്‍ പറഞ്ഞതെന്നും ഓരോ ആളെയും നോക്കിയല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമായിരുന്നു മറുപടി. ജയരാജനെ ഒഴിവാക്കിയതില്‍ പാര്‍ട്ടിക്ക് കൃത്യമായ ബോധ്യങ്ങളുണ്ട്. ആര്‍ക്കെങ്കിലും ബോധ്യമാകുന്നില്ലെങ്കില്‍ അവരെ ബോധ്യപ്പെടുത്തുക എന്നത് പാര്‍ട്ടിയുടെ ചുമതലയാണ്. അത് പാര്‍ട്ടി നിര്‍വഹിച്ചോളാം.

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. അതെല്ലാം തീര്‍ത്തുകൊണ്ടാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്. ഇനി ഒരു പ്രശ്‌നവും അവിടെ അവശേഷിക്കുന്നില്ല. പാര്‍ട്ടി സമ്മേളനത്തിന്‍റെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് എങ്ങനെ കിട്ടിയെന്ന് ചോദിച്ച ഗോവിന്ദന്‍ ഒരു റിപ്പോര്‍ട്ട് സമ്മേളനത്തിനിടെ മോഷണം പോയെന്ന് വ്യക്താക്കി.

അതെങ്ങനെ പോയെന്ന് ഇതുവരെ നോക്കിയിട്ടില്ലെന്നും പക്ഷേ പോയതെങ്ങനെയെന്ന് നോക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ തമ്മില്‍ ശത്രുതാപരമായി എക്കാലത്തും പെരുമാറണമെന്ന് പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഒരിടത്തും പറയുന്നില്ലെന്നതായിരുന്നു ഗവര്‍ണറുടെ മധ്യസ്ഥതയില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഡല്‍ഹിയില്‍ നടത്തിയ അനൗപചാരിക ചര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി. എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്‌ണന്‍റെ അധ്യക്ഷതയിലാണ് ആദ്യ സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ന്നത്.

Related Articles

Back to top button
error: Content is protected !!