National

ഹണിട്രാപ്പില്‍പ്പെട്ടു പിന്നാലെ പാക് ചാര സംഘടനയ്ക്ക് സൈനിക വിവരങ്ങള്‍ കൈമാറി; ഉദ്യോഗസ്ഥന്‍ പിടിയില്‍

ലഖ്‌നൗ: പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്ക് സൈനിക വിവരങ്ങള്‍ കൈമാറിയ ഉദ്യോഗസ്ഥന്‍ പിടിയില്‍. ഉത്തര്‍പ്രദേശില്‍ ഫിറോസാബാദിലെ ഹസ്രത്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയുധ ഫാക്ടറി ജീവനക്കാരനായ രവീന്ദ്രകുമാര്‍ ആണ് പിടിയിലായത്. രവീന്ദ്രകുമാറിനോടൊപ്പം സഹായിയും അറസ്റ്റിലായിട്ടുണ്ട്.

ഉത്തര്‍പ്രദേശ് ഭീകരവാദ സ്‌ക്വാഡാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു സംഭവം. ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍, സ്‌ക്രീനിങ് കമ്മിറ്റി വിവരങ്ങള്‍, തീര്‍പ്പാക്കാത്ത അഭ്യര്‍ത്ഥനകള്‍, ഡ്രോണുകള്‍, ഗഗന്‍യാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയാണ് ഇയാള്‍ കൈമാറിയത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രതിരോധ പൊതുമേഖല സ്ഥാപനമാണ് ഹസ്രത്ത്പൂര്‍ ഓര്‍ഡനന്‍സ് ഉപകരണ ഫാക്ടറി. പ്രതിരോധ സേനകള്‍ക്ക് ഉള്‍പ്പെടെ ലോകത്തിലെ മികച്ച ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനം കൂടിയാണിത്.

രവീന്ദ്രകുമാറിന് പല സെന്‍സിറ്റീവായ രേഖകളെ കുറിച്ചും അറിവുള്ളതായി അന്വേഷണം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ ഹണിട്രാപ്പില്‍ കുരുങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഫേസ്ബുക്കിലൂടെ നേഹ ശര്‍മയെന്ന പേരിലുള്ള അക്കൗണ്ട് വഴി ചാര സംഘടനയുമായി ബന്ധമുള്ള യുവതിയുമായി ഇയാള്‍ പരിചയത്തിലാകുന്നത്. താന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്നുവെന്നാണ് യുവതി രവീന്ദ്രയോട് പറഞ്ഞത്. ശേഷം ഇയാളെ ഹണിട്രാപ്പില്‍ പെടുത്താനും അവര്‍ക്ക് സാധിച്ചു.

ചന്ദന്‍ സ്റ്റോര്‍ കീപ്പര്‍ 2 എന്ന പേരിലായിരുന്നു യുവതിയുടെ നമ്പര്‍ ഫോണില്‍ രവീന്ദ്ര സേവ് ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. യുവതി നല്‍കിയ കപട വാഗ്ദാനങ്ങളില്‍ വീണുപോയ രവീന്ദ്ര വാട്‌സ്ആപ്പ് വഴി രഹസ്യവിവരങ്ങള്‍ അയച്ച് കൊടുക്കുകയായിരുന്നു.

പല സുപ്രധാന വിവരങ്ങളും രവീന്ദ്രകുമാര്‍ യുവതിയുമായി പങ്കിട്ടതായാണ് കണ്ടെത്തല്‍. ഓര്‍ഡനന്‍സ് ഫാക്ടറിയിലെയും 51 ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റിലെയും ഉദ്യോഗസ്ഥര്‍ നടത്തിയ ലോജിസ്റ്റിക്‌സ് ഡ്രോണ്‍ പരീക്ഷങ്ങളെ കുറിച്ചുള്ള വിവരങ്ങളും അതിലുണ്ടായിരുന്നു.

മാത്രമല്ല, രാജ്യത്തെ പ്രതിരോധ പദ്ധതികളെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെ കൈമാറിയ രവീന്ദ്ര പാകിസ്താനിലെ ഐഎസ്‌ഐ ഏജന്റുമാരുമായി നേരിട്ട് സംസാരിച്ചതായും വിവരങ്ങളുണ്ട്. രവീന്ദ്ര കുമാറില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്.

Related Articles

Back to top button
error: Content is protected !!