എസ് ദർവേഷ് സാഹിബ് ജൂൺ 30ന് വിരമിക്കും; പുതിയ ഡിജിപിയെ കണ്ടെത്താൻ സർക്കാർ നടപടി തുടങ്ങി

സംസ്ഥാന പോലീസ് മേധാവിയായ ഷെയ്ക്ക് ദർവേഷ് സാഹിബ് ജൂൺ 30ന് വിരമിക്കുന്ന സാഹചര്യത്തിൽ പകരം ഡിജിപിയെ കണ്ടെത്താനുള്ള നടപടി സർക്കാർ ആരംഭിച്ചു. ആറ് പേരുടെ പട്ടിക തയ്യാറാക്കുന്ന നടപടിയാണ് ആരംഭിച്ചത്. നിലവിൽ ഏറ്റവും സീനിയറായ ഡിജിപി നിധിൻ അഗർവാൾ, ഐബിയുടെ സ്‌പെഷ്യൽ സെക്രട്ടറിയും കേരള കേഡറിൽ രണ്ടാമനുമായ റവാഡ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത, എഡിജിപിമാരായ മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത് എംആർ അജിത് കുമാർ എന്നിവരാകും പട്ടികയിൽ വരിക
മനോജ് എബ്രഹാം ജൂലൈ ഒന്നിന് ഡിജിപി തസ്തികയിൽ എത്തും. ഫയർ ഫോഴ്‌സ് ഡിജിപിയായ കെ പത്മകുമാർ ഏപ്രിലിൽ വിരമിക്കുമ്പോൾ ഡിജിപി തസ്തികയിൽ എത്തേണ്ടത് സുരേഷ് രാജ് പുരോഹിതാണ്. എന്നാൽ എസ് പി ജിയിൽ രണ്ടാമനായ അദ്ദേഹത്തിന് ഒരു വർഷം കൂടി എസ് പി ജിയിൽ തുടരേണ്ടതിനാൽ കേരളത്തിലേക്ക് ഇല്ല. ഈ ഒഴിവിൽ എംആർ അജിത് കുമാർ ഡിജിപി തസ്തികയിൽ എത്തും
കേരളം അയക്കുന്ന ആറ് പേരുടെ പട്ടികയിൽ നിന്ന് മൂന്ന് പേരുകൾ കേന്ദ്രം തിരിച്ചയക്കും. ഇതിൽ നിന്നാകും സംസ്ഥാന പോലീസ് മേധാവിയെ സർക്കാർ തീരുമാനിക്കുക. ഏപ്രിൽ മാസം അവസാനമായിരിക്കും സർക്കാർ കേന്ദ്രത്തിന് പട്ടിക അയക്കുക.