Novel

തണൽ തേടി: ഭാഗം 58

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ആ ഭാവം എന്തെന്നറിയാതെ അവൾ ഒന്ന് കൂർപ്പിച്ചു നോക്കി.

പെട്ടെന്നാണ് അവൻ ഒരു കണ്ണ് ചിമ്മി കാണിച്ചു ചുണ്ടുകൾ കൊണ്ട് ഉമ്മ തരുന്നത് പോലെ കാണിച്ചത്. ഒരു നിമിഷം അവളും അത്ഭുതപ്പെട്ടു പോയിരുന്നു

തന്റെ മുഖത്തെ അമ്പരപ്പ് കണ്ടിട്ട് ആയിരിക്കും ആമുഖത്ത് പെട്ടെന്ന് ഒരു ചിരി കടന്ന് കൂടിയിട്ടുണ്ടായിരുന്നു..

ആള് ബോധത്തോടെ അല്ലെന്ന് മനസ്സിലായി. അങ്ങനെയാണെങ്കിൽ ഒരിക്കലും ഇങ്ങനെ കാണിക്കില്ല എന്നത് തനിക്ക് ഉറപ്പാണ്. ഇതിപ്പോൾ അകത്ത് കിടക്കുന്ന മദ്യത്തിന്റെ ബലത്തിൽ ആയിരിക്കുമെന്ന് അവൾക്ക് തോന്നിയിരുന്നു. അതോ നാളെ തന്റെ കഴുത്തിൽ താലി ചേർക്കാൻ പോകുന്നു എന്നതിന്റെ വിശ്വാസത്തിലോ.?

എന്തു തന്നെയാണെങ്കിലും അവൾക്ക് നാണം തോന്നിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സുഹൃത്തുക്കൾ എല്ലാവരും കൂടി അവനെ വിളിച്ചുകൊണ്ട് പോവുകയും ചെയ്തു.

പിന്നെ കുറെ സമയത്തേക്ക് കണ്ടിരുന്നില്ല. ആന്റണിയും സണ്ണിയും ഒക്കെ ഇതിനോടകം തന്നെ സോഫയിലും തറയിലുമായി സ്ഥാനം പിടിച്ചു കഴിഞ്ഞു. രണ്ടുപേർക്കും നിൽക്കാനുള്ള ബലം പോലുമില്ല. സെബാസ്റ്റ്യൻ ഏതാണെങ്കിലും ആ അവസ്ഥയിൽ അല്ല എന്ന് അവൾ ഓർത്തു. അതൊരു കണക്കിന് ആശ്വാസമാണ്.

പിന്നെ അവൻ അങ്ങനെ എപ്പോഴും കുടിക്കുന്ന ശീലം ഒന്നുമില്ല. സാധാരണ ബസ് ഡ്രൈവർമാർക്ക് ഫുൾടൈം തണ്ണിയാണ് എന്നാണ് താൻ കേട്ടിട്ടുള്ളത്. എന്നാൽ സെബാസ്റ്റ്യൻ അതിൽ നിന്ന് എല്ലാം വളരെ വ്യത്യസ്തനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

സുഹൃത്തുക്കളെ യാത്രയാക്കാൻ നിൽക്കുകയാണ് സെബാസ്റ്റ്യൻ. സാലി വന്ന സിനിക്കൊപ്പം അർച്ചനയും ലക്ഷ്മിയും കിടന്നുകൊള്ളാൻ പറഞ്ഞിരുന്നു.

മൂന്നുപേരും കിടക്കാൻ തുടങ്ങിയപ്പോഴാണ് സിമി വന്ന് സിനിയെ വിളിക്കുന്നത്.

എന്താ ചേച്ചി? അവൾ അനിഷ്ടത്തോടെ ചോദിച്ചു.

ചേട്ടായി ഇതുവരെ വന്നിട്ടില്ല ചേട്ടായിയുടെ മുറിയിലെ സാധനങ്ങളെല്ലാം ഞാൻ കിടന്ന പുതിയ റൂമിലേക്ക് വയ്ക്കാം എന്ന് കരുതി. നാളെ മുതൽ ഇവർ രണ്ടുപേരും കൂടി കിടക്കുമ്പോൾ ചേട്ടായിയുടെ കുഞ്ഞുമുറി പറ്റില്ലല്ലോ.

സിമിയും കുഞ്ഞും കിടന്നിരുന്ന മുറിയിലാണ് നാളെ മുതൽ താൻ സെബാസ്റ്റ്യനൊപ്പം കഴിയേണ്ടത് എന്ന ചിന്ത അവളെ ഓർമിപ്പിച്ചു

ആദ്യമായി ഇവിടെ വന്നു കയറിയപ്പോൾ ആ മുറി കണ്ടിരുന്നു പുതുതായി പണിതതാണ് ആ മുറി. ഷീറ്റാണ് ഇട്ടിരിക്കുന്നത് മുകൾവശം സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനോട് ചേർന്ന് തന്നെ ഒരു അറ്റാച്ച്ഡ് ബാത്റൂമും ഉണ്ട്. അത് കുഞ്ഞിനും സിമിയ്ക്കും വേണ്ടി പുതുതായി എടുത്തതാണെന്ന് സാലി എപ്പോഴും പറയുന്നത് അവൾ ഓർമ്മിക്കുകയും ചെയ്തു.

കുറച്ച് അധികം സൗകര്യമുള്ളതാണ് ആ മുറി. അതുകൊണ്ടു തന്നെ ഇനിമുതൽ സെബാസ്റ്റ്യന്റെ മുറിയായി അത് മാറ്റുകയാണെന്ന് കേട്ടപ്പോൾ വിവാഹം കഴിച്ചതിന്റെ ആനുകൂല്യം ആവും ഇനിമുതൽ അവന് കിട്ടാൻ പോകുന്നതെന്ന് ഒരു നിമിഷം ലക്ഷ്മി ഓർത്തു.

ഞങ്ങളും കൂടി വരാം,

ഒറ്റയ്ക്ക് സാധനങ്ങളൊക്കെ മാറ്റാൻ ബുദ്ധിമുട്ടല്ലേ.അർച്ചന പറഞ്ഞു

അർച്ചനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ അർച്ചനയും കൂടി വാ. ലക്ഷ്മി കിടന്നോ രാവിലെ എഴുന്നേൽക്കേണ്ടതല്ലേ.. ഇനി ഉറക്കം കളഞ്ഞാൽ നാളെ നന്നായിട്ട് ക്ഷീണിക്കും. രാവിലെ അച്ഛന്റെ പ്രസംഗം ഒക്കെ കഴിഞ്ഞ് താലികെട്ട് കാണു, പള്ളിയില് അത്രയും നേരം നിൽക്കാൻ ബുദ്ധിമുട്ട് വരും.

സിനി പറഞ്ഞപ്പോൾ അർച്ചന അവളെ നോക്കി പറഞ്ഞു..

നീ കിടന്നോ ഞങ്ങൾ ഇപ്പൊ വരാം.

വളരെ പെട്ടെന്ന് തന്നെ അർച്ചന അവിടുത്തെ ഒരാളായി മാറിപ്പോയി എന്ന് അവൾക്ക് തോന്നിയിരുന്നു. അത്രത്തോളം ശ്രദ്ധയാണ് എല്ലാ കാര്യത്തിലും. ആർക്കും അവളെ ഒറ്റനോട്ടത്തിൽ ഇഷ്ടമാകും. അങ്ങനെ ഇടിച്ചു കയറി അവരിൽ ഒരാൾ ആവാൻ തനിക്ക് സാധിക്കില്ല. അത് തന്റെ ഒരു അപാകത തന്നെയാണെന്ന് പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട്.

ഇപ്പഴാകുമ്പോ ചേട്ടായി ഇവിടെ ഇല്ലല്ലോ. കൂട്ടുകാരൊന്നും പോയിട്ടില്ല. അപ്പോഴേക്കും നമുക്ക് മുറി സെറ്റ് ചെയ്യാമെന്ന് കരുതി. ലക്ഷ്മി കിടന്നോളൂ ഉറക്കം കളയണ്ട.

പോകുന്നതിനിടയിൽ ഒരിക്കൽ കൂടി ഓർമിപ്പിച്ചു സിമി.

അവൾ തലകുലിക്കി കട്ടിലിലേക്ക് കിടന്നു. എങ്കിലും അവൾക്ക് ഒട്ടും ഉറക്കം വന്നില്ല. ഒരുപാട് സ്വപ്നങ്ങൾ കണ്ടു ഉറങ്ങേണ്ട രാത്രിയാണ്. വിവാഹതലേന്ന്, അച്ഛന്റെ മുഖമാണ് കുറച്ച് അധികം നേരങ്ങളായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. അച്ചൻ കൂടി ഉണ്ടായിരുന്നുവെങ്കിൽ ഈ നിമിഷം എന്ന് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. സാധിക്കില്ലെന്ന് അറിയാം എങ്കിലും വെറുതെ ഒരു ആഗ്രഹം. എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് അവൾ ഉറങ്ങി പോയിരുന്നു.

ഇതിനിടയിൽ എപ്പോഴോ അരികിൽ വന്ന് സിനിയും അർച്ചനയും ഒക്കെ കിടക്കുന്നത് അറിഞ്ഞിരുന്നു. ക്ഷീണം കൊണ്ട് കണ്ണുതുറക്കാൻ സാധിച്ചിരുന്നില്ല.

കാലത്തെ നാലു മണിയായപ്പോൾ വിളിച്ചുണർത്തിയത് അർച്ചനയാണ്. അവൾ ഉറങ്ങിയിട്ടില്ല എന്ന് തോന്നി. ഒരുപക്ഷേ വീട് മാറി കിടന്നത് കൊണ്ടായിരിക്കാം.

എന്താണെങ്കിലും എഴുന്നേറ്റ പാടെ പുറത്ത് പോയി അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ സാലിയും ആനിയും പിന്നീട് അയൽപക്കത്തുള്ള മറ്റ് ആരൊക്കെയോ കൂടെയുണ്ട്. പൊതുവേ അത്ര വലിയ അടുക്കള ഒന്നുമല്ല അതിനാൽ തന്നെ ആളുകൂടിയത് കൊണ്ട് ഒരു വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

ചായ കുടിച്ചിട്ട് പോയി കുളിച്ച് വാ കൊച്ചേ
ആ തിരക്കിനിടയിലും സാലി അവളുടെ അടുത്തേക്ക് വന്ന് പറഞ്ഞു

കുളിച്ചു വന്നിട്ട് മതി അമ്മേ .

ആഹ് എന്നാൽ ചെന്ന് കുളിക്ക് ഒരുങ്ങാൻ ഒക്കെ ഉള്ളതല്ലേ.

കുളികഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് അടുക്കളയിൽ വലിയ തിരക്കാണെന്ന് മനസ്സിലായത്. വലിയ കലത്തിൽ എല്ലാവർക്കും ചായ ഇടുകയും ഒക്കെയാണ്. അങ്ങോട്ട് പോയി ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് തോന്നിയത് കൊണ്ട് നേരെ പുറത്തെ വാതിലിലൂടെ മുറ്റത്തേക്ക് നടന്നു. മുൻ വാതിലിൽ കൂടി അകത്തേക്ക് കയറാം എന്ന് കരുതി.

വാതിൽ തുറന്നു കിടക്കുകയായിരുന്നു വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് ഹോളിൽ കിടക്കുന്നത് സെബാസ്റ്റ്യൻ ആണെന്ന് മനസ്സിലാക്കിയത്. ഇന്നലെ എപ്പോൾ വന്നോ ആവോ.? സുഹൃത്തുക്കളുടെ ഒക്കെ കൂടെ പോയിരിക്കുകയായിരുന്നു അതിനിടയിൽ കാണാൻ തന്നെ പറ്റിയില്ല.

ആന്റണിയും സാധാരണ കിടക്കുന്ന സ്ഥലത്ത് തന്നെയുണ്ട്. സണ്ണിയുടെ അരികിലായി ആണ് സെബാസ്റ്റ്യൻ കിടക്കുന്നത്.. ഇന്നലത്തെ വേഷം പോലും മാറിയിട്ടില്ല ആള്.

ആളെ കടന്ന് മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോഴേക്കും പെട്ടെന്ന് ആളിന്റെ ഫോണിലെ അലാറം അടിക്കുകയും ആൾ കണ്ണ് തുറന്നു അത് ഓഫ് ചെയ്യുകയും ചെയ്തു. പെട്ടെന്നാണ് കണ്മുന്നിൽ തന്നെ കണ്ടത്.

തന്നെ നോക്കി ഒന്ന് ചിരിച്ചതിനുശേഷം കൈകൾ വിടർത്തി എഴുന്നേറ്റിരുന്നു. ചുണ്ടുകൊണ്ട് ഒന്നും മിണ്ടരുത് എന്ന് പറഞ്ഞ് ആക്ഷൻ കാണിച്ചു. പെട്ടെന്നൊന്നും മനസ്സിലായില്ലെങ്കിലും ആൾ എഴുന്നേറ്റു പുറത്തേക്ക് നടന്നു കൈകാട്ടി തന്നെ വിളിച്ചപ്പോൾ തന്നോട് സംസാരിക്കാൻ ആണെന്ന് മനസ്സിലായിരുന്നു. ഒട്ടും ചിന്തിക്കാതെ പിന്നാലെ ചെന്നു.

എന്താണെന്ന് പുരികം പൊക്കി അവനോട് ചോദിച്ചപ്പോൾ ആളൊരു കള്ളച്ചിരി ചിരിക്കുന്നുണ്ട്.

ഭയങ്കര തലവേദന,ഇന്നലെ കുറച്ചു കൂടിപ്പോയി. കൂട്ടുകാർ എല്ലാരും കൂടി നിർബന്ധിച്ചപ്പോൾ…

അല്പം നാണത്തോടെയാണ് അവനത് പറയുന്നത്.

ഞാൻ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയോ അമ്മച്ചിയോടോ വല്ലോം വേറെ ആരോടും ചോദിക്കാൻ ഒരു ധൈര്യം ഇല്ല. എനിക്ക് ഒന്നും ഓർമ്മയില്ല.

ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾക്കും ചിരി വന്നു പോയിരുന്നു.

പ്രത്യേകിച്ച് കുഴപ്പമോന്നുമുണ്ടായില്ല പക്ഷേ കുറച്ച് അകത്ത് ചെന്ന് കഴിഞ്ഞപ്പോഴേക്കും ആള് ഇത്തിരി റൊമാന്റിക് ആയിപ്പോയി. അവൾ പറഞ്ഞപ്പോൾ അത്ഭുതത്തോടെ അവൻ അവളെ നോക്കി

ഞാൻ തന്നോട് എന്തെങ്കിലും മോശമായി ഇടപെട്ടോ.?

അമ്പരപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി അതിലുപരി ചമ്മലോടെ ആള് ചോദിക്കുന്നുണ്ട്.

അവൾ അതിനൊന്നു ചിരിക്കുക മാത്രമാണ് ചെയ്തത്.

പറയെടോ.?

അവനാ ചൊദ്യം ആവർത്തിച്ചു

ഇല്ല അവൾ ചിരിയോടെ മറുപടി പറഞ്ഞു,

പിന്നെന്താ താൻ അങ്ങനെ പറഞ്ഞത്, എന്തോ ഉണ്ട് എന്താണെന്ന് പറ

അവൻ പറഞ്ഞു

ഒന്നുമില്ലെന്ന്, സമയം വൈകുന്നു. ഞാൻ പോട്ടെ

അവൾ അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കൈയിൽ പിടിച്ചു. ആ മുഖത്തേക്ക് നോക്കി ചോദിച്ചു.

ഞാൻ തന്നോട് മോശമായിട്ട് എന്തെങ്കിലും പറഞ്ഞോ..?

ഒന്നും പറഞ്ഞില്ലെന്റെ മാഷേ, ഞാൻ പറഞ്ഞില്ലേ.?

പിന്നെന്താ റൊമാന്റിക് ആയി എന്ന് പറഞ്ഞത്.

വെറുതെ, അവൾ പറഞ്ഞു

വെറുതെ ഒന്നുമല്ല എന്തോ ഉണ്ട്, എന്തോ ഞാൻ തന്നോട് പറഞ്ഞു, അതുകൊണ്ടല്ലേ താൻ അങ്ങനെ പറഞ്ഞത്..

സെബാസ്റ്റ്യൻ പറഞ്ഞു

ഇനിയിപ്പോ പറഞ്ഞാൽ തന്നെ എന്താ.? എന്നോടല്ലേ,

അവൾ ചിരിയോടേ പറഞ്ഞു. അവൾ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൻ വീണ്ടും അവളുടെ കയ്യിൽ പിടിച്ചു….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!