
ഐപിഎൽ ആരംഭിക്കാൻ ഇനി വെറും അഞ്ച് ദിവസം. ടീമുകൾ അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം രാജസ്ഥാൻ റോയൽസിനോട് ഒരു ഇഷ്ടക്കൂടുതലുണ്ട്. നമ്മുടെ സ്വന്തം സഞ്ജു സാംസൺ നയിക്കുന്ന ടീമാണ് രാജസ്ഥാൻ റോയൽസ് എന്നത് തന്നെ കാര്യം. സഞ്ജു ക്യാപ്റ്റനായതിന് ശേഷം ടീമിൻ്റെ പ്രകടനം മികച്ചതാണെങ്കിലും ഇതുവരെ കിരീടനേട്ടത്തിലെത്താനായിട്ടില്ല. ഇത്തവണ ടീമിൻ്റെ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ ചില പ്രശ്നങ്ങളുണ്ടെങ്കിലും തകർപ്പൻ ബാറ്റിംഗ് നിര ടീമിന് നേട്ടം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, റിയാൻ പരഗ്, ഷിംറോൺ ഹെട്മെയർ, ധ്രുവ് ജുറേൽ എന്നിങ്ങനെ പാക്ക്ഡായ ബാറ്റിംഗ് നിരയാണ് രാജസ്ഥാൻ്റെ ഇത്തവണത്തെ കരുത്ത്. തുടക്കം മുതൽ അവസാനം വരെ നീളുന്ന വെടിക്കെട്ട്. ഈ വെടിക്കെട്ട് ബാറ്റിംഗ് നിരയാണ് സീസണിൽ രാജസ്ഥാൻ്റെ കരുത്ത്. 13കാരൻ വൈഭവ് സൂര്യവൻശി, ശുഭം ദുബെ, കുനാൽ സിംഗ് റാത്തോർ എന്നിങ്ങനെ തകർപ്പൻ ബാക്കപ്പ് ഓപ്ഷനുകളും രാജസ്ഥാനുണ്ട്.
എന്നാൽ, ബൗളിംഗ് ഇത്തവണ കുറച്ച് പ്രശ്നത്തിലാണ്. പ്രത്യേകിച്ച് ഫാസ്റ്റ് ബൗളിംഗ്. സന്ദീപ് ശർമ്മയെക്കൂടാതെ ഫോമിലാണോ എന്നുറപ്പില്ലാത്ത ജോഫ്ര ആർച്ചർ, സ്ഥിരതയില്ലാത്ത തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്‌വൾ, റോ പേസ് മാത്രമുള്ള ക്വെന മഫാക്ക, അഫ്ഗാൻ്റെ ഫസലുൽ ഹഖ് ഫറൂഖി എന്നിവരാണ് പ്രധാന പേസർമാർ. ഇതിൽ കോടിക്കിലുക്കം കൂടുതലുള്ളതുകൊണ്ട് തന്നെ നിലവിൽ കളിക്കളത്തിൽ മികച്ചുനിൽക്കുന്ന ഫറൂഖിയ്ക്ക് മുകളിൽ ആർച്ചർ തന്നെയാവും ടീമിൽ കളിക്കുക. ഇത് ടീം ബാലൻസിനെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയണം. ആകാശ് മധ്‌വൾ, തുഷാർ ദേശ്പാണ്ഡെ എന്നീ ഓപ്ഷനുകൾ ശരാശരിയാണെങ്കിലും മികച്ചതെന്ന് പറയാനാവില്ല. സന്ദീപ്, ആർച്ചർ എന്നിവർക്കൊപ്പം മധ്‌വളോ ദേശ്പാണ്ഡെയോ ആവും മൂന്നാം പേസർ. അങ്ങനെയെങ്കിൽ ഫറൂഖിയെ ഉൾപ്പെടുത്താനാവില്ല. ഇതാണ് രാജസ്ഥാൻ്റെ പ്രശ്നം.
ഓൾറൗണ്ടർമാരുടെ കോളം ഇത്തവണ രാജസ്ഥാൻ ഏറെക്കുറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. വനിന്ദു ഹസരങ്കയും യുദ്ധ്‌വീർ സിങ് ചരകും ഈ പട്ടികയിൽ കൃത്യമായി ഇടം പിടിക്കുന്നവരാണ്. ഹസരങ്ക ഫൈനൽ ഇലവനിൽ ഉറപ്പാണെന്നതിനാൽ ഹെട്മെയർ, ആർച്ചർ, ഹസരങ്ക എന്നിവരെ കൂടാതെ ഒരു വിദേശ താരം കൂടിയേ കളിക്കൂ. അങ്ങനെയെങ്കിൽ ഫറൂഖിയോ മഹേഷ് തീക്ഷണയോ പുറത്തിരിക്കും. രണ്ട് പേരും ഫൈനൽ ഇലവനിൽ ഇടം പിടിക്കാൻ അർഹരാണ്. രണ്ടാം സ്പിന്നറായി കുമാർ കാർത്തികേയയെ പരിഗണിക്കാമെങ്കിലും രാജസ്ഥാൻ്റെ ബൗളിംഗിൽ പ്രശ്നങ്ങളുണ്ട്.