പികെ ശശിയുടെ അംഗത്വം പുതുക്കി നൽകാൻ സിപിഎം; നായാടിപ്പാറ ബ്രാഞ്ച് അംഗമായി പ്രവർത്തിക്കും

കെടിഡിസി ചെയർമാനായ പികെ ശശിയുടെ അംഗത്വം സിപിഎം പുതുക്കി നൽകും. പാലക്കാട് മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം. മണ്ണാർക്കാട് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിലാണ് പികെ ശശി ഇനി പ്രവർത്തിക്കുക. നേരത്തെ അച്ചടക്ക നടപടിയെടുത്ത് ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നുവെങ്കിലും ഏത് ബ്രാഞ്ചാണെന്ന് നിശ്ചയിച്ച് നൽകിയിരുന്നില്ല
കഴിഞ്ഞ സമ്മേളനകാലത്ത് ഇതേ തുടർന്ന് ശശിക്ക് സമ്മേളനങ്ങളിലും പങ്കെടുക്കാൻ സാധിച്ചില്ല. ഇനി പാർട്ടിയുടെ മേൽ കമ്മിറ്റികളിലേക്ക് എത്താൻ പികെ ശശി ഏറ്റവും കീഴ് ഘടകമായ ബ്രാഞ്ചിൽ നിന്ന് പ്രവർത്തിച്ച് തുടങ്ങേണ്ടി വരും. പാർട്ടി വിരുദ്ധ പ്രവർത്തനം, സാമ്പത്തിക തിരിമറി എന്നീ ആരോപണങ്ങളെ തുടർന്നാണ് ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്
സിപിഎം ജില്ലാ സെക്രട്ടറിയെ കള്ള് കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ലഭിച്ചതായി കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന മേഖലാ റിപ്പോർട്ടിംഗിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഫണ്ട് തിരിമറി അടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.