ഇലക്ട്രിക് സ്‌കൂട്ടർ ചാര്‍ജ് ചെയ്യാൻ വെച്ച് ഉറങ്ങി; വീടിന് തീപിടിച്ച് പൊള്ളലേറ്റ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തമിഴ്നാട്ടിലെ ചെന്നൈയിൽ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെന്നൈ മധുരവോയൽ ഭാഗ്യലക്ഷ്‌മി നഗർ ഗൗതമിൻ്റെ മകൾ ഏഴിലരസി ആണ് മരിച്ചത്. സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം. കുഞ്ഞിൻ്റെ മാതാപിക്കൾക്കും ഗുരുതരമായി പരുക്കേറ്റു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
രാത്രി സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വച്ച ശേഷം കുടുംബാംഗങ്ങള്‍ ഉറങ്ങുകയായിരുന്നു. രാത്രി മുഴുവന്‍ ചാര്‍ജിങ്ങില്‍ കിടന്ന സ്‌കൂട്ടറിന് പുലര്‍ച്ചെയോടെ തീപിടിച്ചു. തുടര്‍ന്ന് തീ വീടിന്റെ താഴത്തെ നിലയിലേക്ക് പടര്‍ന്നു. താഴത്തെ നിലയില്‍ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനാണ് പൊള്ളലേറ്റത്.
മധുരവയൽ സ്വദേശിയായ ഗൗതമിന്റെ കുട്ടിയാണ് മരിച്ചത്. ഒമ്പത് മാസം പ്രായമാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. ഗൗതമിന്റെ അച്ഛന്‍ നടരാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീപിടിച്ചത്. നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ ഇവരെ കില്‍പൗക്കിലുള്ള ഗവ. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ഗൗതമിനും ഭാര്യ അഞ്ജുവിനും 50 ശതമാനത്തോളം പൊള്ളലേറ്റു.