Kerala

ഷാബാ ഷെരീഫ് വധക്കേസ്: 1, 2, 6 പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി 22ന്

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകത്തിൽ ഒന്ന്, രണ്ട് ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ബാക്കിയുള്ളവരെ വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫ്, രണ്ടാം പ്രതി ഷിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്

ഇവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 22ന് വിധിക്കും. ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്

ഷൈബിൻ അഷ്‌റഫ് അടക്കം 15 പ്രതികളാണ് കേസിലുണ്ടായിരുന്നത്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ അപൂർവം കൊലക്കേസാണിത്. ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് കേസിൽ നിർണായകമായത്.

ഷൈബിൻ അഷ്‌റഫിൽ നിന്ന് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് കൂട്ടുപ്രതികൾ വർഷങ്ങൾക്ക് മുമ്പ് സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇതിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്. 2019ലാണ് ഷാബാ ഷെരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്

ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്ന് വ്യാപാരം നടത്തി പണമുണ്ടാക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യം. ഒരു വർഷം ചങ്ങലക്കിട്ട് പീഡിപ്പിച്ചിട്ടും ഷാബാ ഷെരീഫ് മരുന്നിന്റെ രഹസ്യം പറയാൻ തയ്യാറായിരുന്നില്ല. ക്രൂര പീഡനത്തിനിടയിലാണ് ഷെരീഫ് കൊല്ലപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!