Movies

രണ്ട് മണിക്കൂര്‍ 46 മിനിറ്റ് ‘തുടരും’; ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്; റിലീസ് തീയതിയെക്കുറിച്ചും സൂചന

ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരു’മിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. രണ്ട് മണിക്കൂര്‍ 46 മിനിറ്റാണ് ദൈര്‍ഘ്യം. മെയ് ആദ്യം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് നീക്കമെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വരും ദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടായേക്കും. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് തുടരും. കരിയറില്‍ മോഹന്‍ലാലിന്റെ 360-ാം ചിത്രമാണിതെന്നതാണ് മറ്റൊരു പ്രത്യേകത.

രജപുത്രയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിലെ ഗൃഹനാഥന്‍. കഠിനാധ്വാനി. നാട്ടുകാര്‍ക്കും പ്രിയങ്കരന്‍. ഇതാണ് തുടരും സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ രത്‌നച്ചുരുക്കം.

ബിനു പപ്പു, മണിയൻപിള്ള രാജു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. കെ.ആര്‍. സുനിലിന്റേതാണ് കഥ. അദ്ദേഹത്തിനൊപ്പം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ ‘കഥ തുടരും’ എന്നാരംഭിക്കുന്ന ഗാനം ഇന്ന് (മാര്‍ച്ച് 21) വൈകിട്ട് ഏഴിന് പുറത്തിറങ്ങുമെന്ന് തരുണ്‍ മൂര്‍ത്തി ഏതാനും ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍ യാത്ര ചെയ്യുന്ന ഒരു പോസ്റ്ററിനൊപ്പമാണ് ഗാനത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് തരുണ്‍ മൂര്‍ത്തി പുറത്തുവിട്ടത്. ചിത്രത്തിലെ മറ്റൊരു ഗാനമായ ‘കണ്‍മണി പൂവേ’ എന്ന ശ്രദ്ധ നേടിയിരുന്നു. എം.ജി. ശ്രീകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

നിഷാദ് യൂസുഫും ഷഫീക്ക് വിബിയും ചേർന്നാണ് ‘തുടരും’ സിനിമയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയിയുടേതാണ് സംഗീതം. ചിത്രത്തിന്റെ ഒടിടി അവകാശം ജിയോഹോട്ട്‌സ്റ്റാറിനാണെന്നാണ് സൂചന.

Related Articles

Back to top button
error: Content is protected !!