Novel

വരും ജന്മം നിനക്കായ്: ഭാഗം 69

രചന: ശിവ എസ് നായർ

“ഈ വീട് വയ്ക്കാനും എന്നെ പഠിപ്പിക്കാനും ഒക്കെ ഏട്ടൻ ഇപ്പോൾ തന്നെ ഒരുപാട് കാശ് ചിലവാക്കിയില്ലേ. ഇനി എന്റെ കല്യാണത്തിന് കൂടി ചെലവാക്കാൻ ഏട്ടന്റെ കയ്യിൽ കാശുണ്ടോ. രണ്ട് കല്യാണവും ഒരുമിച്ച് നടത്തുകയാണെങ്കിൽ കല്യാണ ചിലവൊക്കെ അമ്മാവൻ നോക്കിക്കോളാം എന്നാണ് പറഞ്ഞത്.
പിന്നെ അവർക്ക് സ്ത്രീധനമൊന്നും വേണ്ട എന്നെ മാത്രം മതിയെന്ന് പറഞ്ഞതു കൊണ്ടാണ് ഞാൻ എതിർപ്പൊന്നും പറയാതിരുന്നത് അല്ലാതെ വേണ്ടാത്ത മോഹമൊന്നും മനസ്സിൽ കേറ്റിയിട്ടല്ല ഏട്ടാ. അമ്മാവനും അമ്മായിയും ഈ ബന്ധം കൊണ്ട് വന്നപ്പോൾ ഏറ്റവും സന്തോഷം അമ്മയ്ക്ക് ആയിരുന്നു.” അഞ്ചു മുഖം കുനിച്ചു.

“ഒരു രൂപ പോലും സ്ത്രീധനം കൊടുക്കാതെ തന്നെ നിന്റെ കല്യാണം ഞാൻ നടത്തും. നിനക്കാരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് പറഞ്ഞോ, സ്ത്രീധനം മോഹിക്കാത്ത നല്ല പയ്യൻ ആണെങ്കിൽ ഞാൻ അത് നടത്തി തരും. അല്ലെങ്കിൽ നിനക്കുള്ള ചെക്കനെ സമയമാകുമ്പോൾ ഞാൻ തന്നെ കണ്ടുപിടിച്ചോളാം, എന്ത് പറയുന്നു നീ?” അഖിൽ ചോദ്യ ഭാവത്തിൽ അനിയത്തിയെ നോക്കി.

“എന്റെ മനസ്സിൽ അങ്ങനെ ആരുമില്ല. ഏട്ടൻ കണ്ടുപിടിക്കുന്ന ആളെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതമാണ്.” അഞ്ചു പെട്ടെന്ന് പറഞ്ഞു.

“വിനോദിനും വേണിക്കും എന്താ കുഴപ്പം. നിന്റെ അച്ഛന്റെ ഏട്ടത്തിയുടെ മക്കൾ തന്നെയല്ലേ അവർ. അറിയുന്ന കുടുംബത്തിലേക്കാണ് അഞ്ജുവിനെ വിടുന്നതെങ്കിൽ നമുക്ക് അതൊരു സമാധാനമല്ലേ മോനെ.” ദേവകി അനുനയത്തിൽ ചോദിച്ചു.

“ഇത്ര പെട്ടെന്ന് അമ്മയ്ക്ക് എങ്ങനെയാ മാറാൻ കഴിയുന്നതമ്മേ. അച്ഛന്റെ മരണ ശേഷം നമ്മൾ ഇവിടെ കിടന്നു ചക്രശ്വാസം വലിച്ചപ്പോൾ ഇവരെ ആരെയും ഇങ്ങോട്ട് കണ്ടില്ലല്ലോ. പെട്ടെന്ന് ബന്ധം കൂടാൻ വന്നപ്പോൾ തന്നെ ആലോചിക്കണ്ടേ എന്റെ ജോലി കണ്ടിട്ടാകുമെന്ന്. അമ്മയ്ക്ക് ഇത്ര വിവരമില്ലാതായി പോയല്ലോ.” അഖിലിന് ദേഷ്യം അടക്കാനായില്ല.

“നിന്റെ ജോലിയും പൈസയും കണ്ടിട്ടാണ് അവർ വന്നതെന്ന് എനിക്കറിയാഞ്ഞിട്ടല്ല മോനെ. നിന്റെ ഏട്ടന്റെ ചേച്ചിയല്ലേ എന്ന് കരുതിയാണ് ഞാൻ എല്ലാം മറന്നത്. ബന്ധുക്കളെയൊക്കെ എന്തിനാ വെറുതെ വെറുപ്പിക്കുന്നത്. അതോർത്തിട്ടാണ് ഞാൻ ഈ ആലോചനയ്ക്ക് അവരോട് സമ്മതം പറയാൻ തീരുമാനിച്ചത്.”

ദേവകി വിഷമത്തോടെ പറഞ്ഞു.

“എന്തായാലും അവരുടെ ആലോചന നടക്കില്ല. അതുകൊണ്ട് അമ്മ അതേക്കുറിച്ച് സ്വപ്നം കാണണ്ട. സമയമാകുമ്പോൾ അഞ്ചുവിന് ഞാൻ നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു കല്യാണം നടത്തിക്കോളാം.” അഖിലിന്റെ വാക്കുകൾ കേട്ട് ദേവകി വിഷമമായി.

“വേണിയും വിനോദും ആയുള്ള ബന്ധം വേണ്ടെങ്കിൽ വേണ്ട. പക്ഷേ ഇവൾടെ കല്യാണം നടക്കുന്ന സമയത്ത് തന്നെ നിന്റെ കല്യാണവും നടക്കണം അഖി. നീ തിരിച്ച് ഗൾഫിലേക്ക് പോകുന്നതിനു മുമ്പ് നിന്റെ വിവാഹ നിശ്ചയം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. വേണിയെ നിനക്ക് വേണ്ടെങ്കിൽ വേണ്ട ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ഒരു കൂട്ടുകാരിയുടെ മകൾ ഉണ്ട് സന്ധ്യ, അമ്മ അവളെ നിനക്ക് വേണ്ടി ആലോചിക്കട്ടെ.” ദേവകി പ്രതീക്ഷയോടെ മകനെ നോക്കി.

“എനിക്ക് വേണ്ടി അമ്മ പെണ്ണ് അന്വേഷിക്കണമെന്നില്ല. ഈ ജന്മം എനിക്കൊരു കല്യാണം ഉണ്ടെങ്കിൽ അത് ഗായത്രിയുടെ കൂടെ മാത്രമായിരിക്കും. മനസ്സിൽ ഒരു പെൺകുട്ടിയെ പ്രതിഷ്ഠിച്ചിട്ട് വേറൊരു കുട്ടിയെ കല്യാണം കഴിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് എന്റെ കാര്യം നിങ്ങൾ ആരും ആലോചിക്കണ്ട. എനിക്കറിയാം എന്ത് വേണമെന്ന്.” അഖിലിന്റെ വാക്കുകൾ കേട്ട് അഞ്ചുവും ദേവകിയും ഞെട്ടി.

“നിന്നെ വേണ്ടെന്ന് വെച്ചിട്ടല്ലേ അവൾ വേറൊരുത്തനെ കല്യാണം കഴിച്ചു പോയത്. എന്നിട്ട് ആ ബന്ധം മുന്നോട്ടു പോകാതെ ഡിവോഴ്സ് ആയി വീട്ടിലിരിക്കുന്ന അവളെ തന്നെ നിനക്ക് വേണോ. ഒരു രണ്ടാം കെട്ടുകാരിയെ കല്യാണം കഴിക്കാൻ ആണോ നീ കാത്തിരിക്കുന്നത്.” ദേവകി ദേഷ്യത്തോടെ ചോദിച്ചു.

“അവൾ രണ്ടാംകെട്ട് ആയാലും മൂന്നാംകെട്ട് ആയാലും അമ്മയ്ക്ക് എന്താ. ഞങ്ങളല്ലേ ഒരുമിച്ച് ജീവിക്കുന്നത്.” ഗായത്രിയെ കുറിച്ച് അമ്മ മോശമായി പറഞ്ഞത് അഖിലിന് ഇഷ്ടമായില്ല.

“നീ വേറെ ഏത് പെണ്ണിനെ കണ്ടുപിടിച്ചു കൊണ്ടു വന്നാലും ഞാൻ സമ്മതിച്ചേനെ. പക്ഷേ ആ ഒരുമ്പട്ടവളെ ഈ വീട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല. പത്രത്തിലും ടിവിയിലും ഒക്കെ വന്ന ന്യൂസ് ഞാനും കണ്ടതാ. ഭർത്താവ് പീഡിപ്പിച്ചു എന്ന് പറഞ്ഞ് കേസ് കൊടുത്തല്ലേ അവൾ അവനുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഈ നാട്ടിൽ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെയൊക്കെ. ആ നശിച്ച ജന്മത്തിനെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്നാൽ പിന്നെ എനിക്കോ നിന്റെ അനിയത്തിക്കോ ഈ നാട്ടിൽ തലയുയർത്തി നടക്കാൻ പറ്റില്ല. ഇവൾക്ക് നല്ലൊരു ബന്ധം പോലും പിന്നെ കിട്ടിയെന്ന് വരില്ല.” ദേവകി ദേഷ്യം കൊണ്ട് വിറച്ചു.

“അമ്മ വെറുതെ കാര്യം അറിയാതെ സംസാരിക്കരുത്. നിങ്ങളാരും കരുതുന്നത് പോലെയൊന്നുമല്ല അവളുടെ ജീവിതത്തിൽ സംഭവിച്ചത്. അതുകൊണ്ട് യാഥാർത്ഥ്യം അറിയാതെ അമ്മ വെറുതെ ഗായത്രിയെ കുറ്റപ്പെടുത്തരുത്.” അഖിൽ അപേക്ഷ പോലെ പറഞ്ഞു.

“ഗായത്രി ചേച്ചിയെ ഏട്ടൻ കല്യാണം കഴിക്കുന്നത് എനിക്കും ഇഷ്ടമല്ല. ഏട്ടനെ ചതിച്ച് വേറൊരാളെ കെട്ടിയതല്ലേ ആ ചേച്ചി. എന്നിട്ട് ആ ചേച്ചി ബന്ധം ഉപേക്ഷിച്ചു വന്നു നിൽക്കുന്നത് ഏട്ടനെ കെട്ടാൻ വേണ്ടിയാണോ. എന്റെയും അമ്മയുടെയും ഇഷ്ടം നോക്കാതെ ഏട്ടൻ ആ ചേച്ചിയെ ഇങ്ങോട്ട് കല്യാണം കഴിച്ചു കൊണ്ടു വരുമോ?” അഞ്ചുവും ദേഷ്യത്തിലായി.

“നീയെങ്ങാനും അവളെ ഈ വീട്ടിലേക്ക് കൊണ്ടു വന്നാൽ പിന്നെ ഞങ്ങളും നീയും തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല മോനേ. അവളെപ്പോലെ ഒരു പെണ്ണിനെ ഈ വീട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് നാട്ടുകാരുടെ മുഖത്തു നോക്കാനുള്ളതാണ്.” ദേവകി വാശിയോടെ പറഞ്ഞു.

“അമ്മ ഈ പറയുന്ന നാട്ടുകാരും ബന്ധുക്കളും ഒന്നുമല്ല ഇത്രയും നമുക്ക് ചെലവിന് തന്നത്. നമ്മൾ കഷ്ടപ്പെട്ട സമയത്തൊക്കെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കാൻ ഇല്ലായിരുന്നല്ലോ. പലപ്പോഴും എന്റെ കയ്യിൽ 10 രൂപ എടുക്കാൻ ഇല്ലാതിരുന്നപ്പോൾ എന്നെ സഹായിച്ചിട്ടുള്ളത് ഗായത്രിയാണ്. അന്നവൾ കണക്കില്ലാതെ എന്നെ സഹായിച്ചതിന് പകരമായിട്ടില്ല അവളെ കല്യാണം കഴിക്കാൻ ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നത്. ഹൃദയത്തിൽ തട്ടി സ്നേഹിച്ചത് കൊണ്ടാണ് അമ്മേ.

അതുപോലെ എന്റെ ജീവിതം എങ്ങനെ വേണമെന്ന് ഞാൻ തന്നെ തീരുമാനിക്കും. ഈ കുടുംബത്തെ വലിയൊരു കട കെണിയിൽ ആക്കിയിട്ടാണ് അച്ഛൻ പോയത്. ആ അവസ്ഥയിൽ നിന്നും ഈ നിലയിൽ എത്താൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്.

ഒന്നുമില്ലെങ്കിലും ഞാൻ ഗൾഫിൽ പോകാൻ കാരണം ഗായത്രിയുടെ അച്ഛനാണ്. എനിക്കൊരു ലക്ഷ്യം ഉണ്ടായത് അദ്ദേഹം കാരണമാണ്. പിന്നെ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് കാര്യങ്ങൾ ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. അതിന്റെ പേരിൽ ഗായത്രിയെ ഉപേക്ഷിച്ചു കളയാൻ എനിക്ക് കഴിയില്ല. ഈ ജന്മം അവളെ മറക്കാൻ എനിക്ക് പറ്റുകയുമില്ല. ഗായത്രി സമ്മതിച്ചാൽ ഞാനെന്റെ ജീവിതത്തിൽ അവളെ കൂട്ടുക തന്നെ ചെയ്യും.

അമ്മയും നീയും വെറുതെ എതിർക്കണ്ട. നിങ്ങളുടെ അനുഗ്രഹത്തോടെ ഒരുമിച്ച് ജീവിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. പത്രത്തിലും ടിവിയിലും കാണുന്ന വാർത്ത കേട്ട് നിങ്ങൾ വെറുതെ ഗായത്രിയെ കുറ്റപ്പെടുത്താൻ നിൽക്കാതെ അവളുടെ അവസ്ഥ മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കണം. അവളുടെ സ്ഥാനത്ത് നമ്മുടെ അഞ്ചുവാണെങ്കിൽ അമ്മ ഇങ്ങനെയൊക്കെ പറയുമോ.

ഭർത്താവിന്റെ പീഡനം സഹിച്ച് ആ വീട്ടിൽ കടിച്ചു തൂങ്ങി നിൽക്കാതെ അവൾ അതിനെ എതിർത്തതാണോ നിങ്ങൾ അവളിൽ കാണുന്ന കുറ്റം. എന്റെ ഗായത്രി ചങ്കൂറ്റമുള്ള പെണ്ണാണ്.. സ്വന്തം അച്ഛന്റെയും അമ്മയുടെയും കണ്ണുനീരിന് മുൻപിൽ സ്വാർത്ഥമായി തീരുമാനമെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല. അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല..

ഈ കുടുംബം ഈ നിലയിൽ എത്തിക്കാൻ ഞാൻ ഇത്രയും കഷ്ടപ്പെട്ടതല്ലേ അമ്മേ. നമുക്ക് കേറിക്കിടക്കാൻ ഒരു വീടുണ്ടായത് ഞാൻ എല്ലുമുറിയെ പണിയെടുത്തിട്ടല്ലേ. അങ്ങനെയുള്ള എന്റെ ഇഷ്ടം സാധിപ്പിച്ച് തരാൻ നിങ്ങൾക്ക് മനസ്സ് വരുന്നില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് വേണ്ടി ഞാൻ ജീവിച്ചതിൽ ഒരു അർത്ഥവുമില്ല.”

അഖിൽ നിരാശയോടെ സോഫയിലേക്ക് ഇരുന്നു. അമ്മയും അനിയത്തിയും തന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്ത് അവന് കടുത്ത ഹൃദയ വേദന തോന്നി. അവരുടെ സമ്മതം കൂടി ഉണ്ടെങ്കിൽ മാത്രമേ ഗായത്രിയെ പറഞ്ഞു മനസ്സിലാക്കി തന്റെ ജീവിതത്തിലേക്ക് കൂട്ടാൻ പറ്റുകയുള്ളൂ എന്ന് അഖിലിന് നന്നായി അറിയാം.

ഗായത്രിയെ ഒരുതരത്തിലും അംഗീകരിക്കാൻ ദേവകിക്കോ അഞ്ചുവിനോ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ വിഷമം കണ്ടപ്പോൾ ഇരുവർക്കും ഒരു നിമിഷം എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

“മറ്റൊരുത്തൻ ചവച്ച് തുപ്പിയ വിഴുപ്പിനെ തന്നെ നിനക്ക് വേണോ മോനെ. നിന്നെ കല്യാണം കഴിക്കുന്ന പെൺകുട്ടി മനസ്സു കൊണ്ടും ശരീരം കൊണ്ടും പരിശുദ്ധിയായിരിക്കണം എന്നാണ് അമ്മ ആഗ്രഹിച്ചത്. അതുകൊണ്ട് ഗായത്രിയെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല മോനെ.”

ഗായത്രിയെ കുറിച്ച് തന്നെ അമ്മ പറഞ്ഞ വാക്കുകൾ അഖിലിനെ പിടിച്ചുലച്ചു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!