Kerala
പോക്സോ കേസ്: കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയാൽ 25,000 രൂപയുടെ ആൾജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു.
അന്വേഷണവുമായി സഹകരിക്കാനും ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകാനും ജയചന്ദ്രനോട് കോടതി നിർദേശം നൽകി. അതേസമയം ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
പീഡനപരാതിക്ക് പിന്നിൽ കുടുംബ തർക്കമാണെന്നാണ് കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകൻ വാദിച്ചത്. പെൺകുട്ടിയുടെ അമ്മയും സർക്കാരും ജാമ്യം നൽകുന്നതിനെ എതിർത്തെങ്കിലും കോടതി വാദങ്ങൾ അംഗീകരിച്ചില്ല.