പികെ ശ്രീമതി കേസ് അവസാനിപ്പിച്ചത് ഗോപാലകൃഷ്ണൻ ഖേദം പ്രകടിപ്പിച്ചതിനാൽ; ഒത്തുതീർപ്പ് രേഖ പുറത്ത്

സിപിഎം നേതാവ് പികെ ശ്രീമതി നൽകിയ മാനനഷ്ടക്കേസ് അവസാനിപ്പിച്ചത് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ഖേദം പ്രകടിപ്പിച്ചതിനെ തുടർന്നെന്ന് ഒത്തുതീർപ്പ് രേഖ. ഖേദം പ്രകടിപ്പിക്കാൻ ബി ഗോപാലകൃഷ്ണൻ സന്നദ്ധത അറിയിച്ചതായി പുറത്തുവന്ന ഒത്തുതീർപ്പ് രേഖയിൽ വ്യക്തമാക്കുന്നു. തന്റെ ഔദാര്യമാണ് ഖേദപ്രകടനമെന്ന് നേരത്തെ ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടിരുന്നു
എന്നാൽ ഗോപാലകൃഷ്ണൻ ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിപ്പിച്ചതെന്നാണ് കോടതി രേഖ. ഗോപാലകൃഷ്ണന്റെ വാദത്തോടും ഫേസ്ബുക്ക് പോസ്റ്റിനോടും തത്കാലം മറുപടിയില്ലെന്ന് പികെ ശ്രീമതി പ്രതികരിച്ചു. ഗോപാലകൃഷ്ണന്റെ വാദങ്ങൾ തെറ്റാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പികെ ശ്രീമതി പറഞ്ഞു
തന്റെ മകനെ കുറിച്ച് ഗോപാലകൃഷ്ണൻ ചാനൽ ചർച്ചയിൽ അധിക്ഷേപകരമായി സംസാരിച്ചെന്നായിരുന്നു പികെ ശ്രീമതിയുടെ കേസ്. പികെ ശ്രീമതി മന്ത്രിയായിരുന്നപ്പോൾ മകന്റെ കമ്പനിയിൽ നിന്നാണ് സർക്കാർ ആശുപത്രികൾക്ക് മരുന്ന് എത്തിച്ചതെന്നായിരുന്നു ആരോപണം. ഇതിന് എന്ത് രേഖയുണ്ടെന്ന് ഗോപാലകൃഷ്ണനോട് കോടതി ചോദിച്ചിരുന്നു.