മാവേലിക്കര നഗരസഭ അധ്യക്ഷനെതിരെ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പാസായി; എൽഡിഎഫ് പിന്തുണച്ചു

മാവേലിക്കര നഗരസഭ അധ്യക്ഷൻ കെവി ശ്രീകുമാറിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. 28 കൗൺസിലർമാരിൽ 18 പേർ പ്രമേയത്തെ അനുകൂലിച്ചു.
9 ബിജെപി അംഗങ്ങളിൽ മൂന്ന് പേരും നഗരസഭ ചെയർമാൻ കെവി ശ്രീകുമാറും യോഗത്തിന് വന്നില്ല. യോഗത്തിന് എത്തിയ ആറ് ബിജെപി കൗൺസിലർമാർ ചർച്ചക്ക് ശേഷം കൗൺസിൽ ഹാളിൽ നിന്ന് പുറത്തുപോയി. ഇതിന് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. ഒമ്പത് കോൺഗ്രസ് അംഗങ്ങളും എട്ട് സിപിഎം അംഗങ്ങളും ഒരു ജനാധിപത്യ കേരളാ കോൺഗ്രസ് അംഗവും പ്രമേയത്തെ പിന്തുണച്ചു.
28 അംഗ നഗരസഭയിൽ കോൺഗ്രസ്, ബിജെപി, എൽഡിഎഫ് എന്നിവർക്ക് 9 വീതം കൗൺസിലർമാരാണുള്ളത്. സ്വതന്ത്രനായ കെവി ശ്രീകുമാറിനെ അധ്യക്ഷനാക്കി കോൺഗ്രസാണ് നഗരസഭ ഭരിച്ചിരുന്നത്. മൂന്ന് വർഷത്തിന് ശേഷം അധ്യക്ഷ പദവി ഒഴിയണമെന്ന നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് കോൺഗ്രസ് പിന്തുണ പിൻവലിച്ചത്.