Kerala
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം സംബന്ധിച്ച കേസിൽ സുഹൃത്തായ സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഹർജിയിൽ കോടതി പോലീസിന്റെ റിപ്പോർട്ട് തേടിയേക്കും. പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ സുകാന്ത് സുരേഷിനെ പ്രതി ചേർത്തിട്ടില്ല. താൻ നിരപരാധിയാണെന്നും ഐബി ഓഫീസറുടെ മരണത്തിൽ പങ്കില്ലെന്നുമാണ് സുകാന്ത് വാദിക്കുന്നത്.
എന്നാൽ സുകാന്ത് മകളെ മാനസികമായും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നാണ് കുടുംബത്തിന്റെ പരാതി. തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയക്കുന്നതായി സുകാന്ത് പറയുന്നു. നിലവിൽ ഇയാൾ ഒളിവിലാണ്.