ക്ഷേത്രോത്സവം ഗാനമേളക്കിടെ ഗണഗീതം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടുമെന്ന് ദേവസ്വം പ്രസിഡന്റ്

കൊല്ലം കോട്ടുകൽ ക്ഷേത്രോത്സവത്തിൽ ഗാനമേളക്കിടെ ആർഎസ്എസിന്റെ ഗണഗീതം പാടിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്. ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. ഗണഗീതം പാടിയത് ബോധപൂർവമായ ശ്രമമാണ്. ക്ഷേത്രോപദേശക സമിതികൾ ക്ഷേത്ര ഭരണക്കാരായി മാറുന്നുവെന്നും പ്രശാന്ത് പറഞ്ഞു.
മഞ്ഞിപ്പുഴ ക്ഷേത്ര ഉത്സവ ഗാനമേളയിലാണ് ഗണഗീതം പാടിയത്. നാഗർകോവിൽ നൈറ്റ് ബോർഡ്‌സ് അവതരിപ്പിച്ച ഗാനമേളയിലാണ് സംഭവം. നമസ്‌കരിപ്പൂ ഭാരതമങ്ങേ എന്ന് തുടങ്ങുന്ന ഗണഗീതം അടക്കമാണ് ഗാനമേളയിൽ അവതരിപ്പിച്ചത്. കോട്ടുകൽ ടീം ഛത്രപതിയാണ് പരിപാടി സ്‌പോൺസർ ചെയ്തത്.
ഗാനമേളക്കെതിരെ ക്ഷേത്ര ഉപദേശക സമിതിയിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശി കടയ്ക്കൽ പോലീസിനും ദേവസ്വം ബോർഡിനും പരാതി നൽകിയിരുന്നു.