Kerala
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: കെ രാധാകൃഷ്ണൻ എംപി ഇന്ന് ഇഡിക്ക് മുമ്പാകെ ഹാജരാകും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എംപി ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകും. നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും എംപി ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നൽകിയത്.
ഇഡി ആവശ്യപ്പെട്ട രേഖകൾ കെ രാധാകൃഷ്ണൻ കഴിഞ്ഞ മാസം 17ന് കൈമാറിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാർട്ടിയുടെ ഇടപാടിനെ കുറിച്ച് മൊഴിയെടുക്കാനാണ് കെ രാധാകൃഷ്ണന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. കരുവന്നൂരിൽ രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇഡി.
കരുവന്നൂരിൽ തട്ടിയെടുത്ത പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് ഇഡി പറയുന്നത്. ഈ സമയത്ത് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു കെ രാധാകൃഷ്ണൻ. കേസിൽ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്