National

ബിവൈഡി ഗെറ്റ് ഔട്ട്; മസ്‌കിന്റെ ടെസ്ല ഇന്‍: അനുമതി നിഷേധിച്ചത് ദക്ഷിണേന്ത്യയിലെ വമ്പന്‍ പദ്ധതിയ്ക്ക്

മോദി സര്‍ക്കാരിന്റെ നിലപാട് ട്രംപിന്റെ പ്രീതിയ്ക്ക് വേണ്ടിയാണോ അനുമതി നിഷേധിച്ചത്

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയായ ബിവൈഡിയുടെ 85,000 കോടി രൂപയുടെ നിക്ഷേപം വേണ്ടെന്നുവച്ച് കേന്ദ്രസര്‍ക്കാര്‍. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ബിവൈഡി നടത്താനിരുന്ന നിക്ഷേപത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. കേന്ദ്രവാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്.

എന്നാല്‍ യുഎസിലെ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ വിശ്വസ്തനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയ്ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനിയായ ബിവൈഡിയുടെ നിക്ഷേപത്തിന് അനുമതി നിഷേധിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. യുഎസില്‍ ട്രംപ് അധികാരമേറ്റതിന് പിന്നാലെ മസ്‌കിന്റെ ടെസ്ല വിപണിയില്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്.

ട്രംപ് അധികാരമേറ്റതിന് പിന്നാലെ മസ്‌ക് യുഎസ് സര്‍ക്കാരില്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് ടെസ്ലയുടെ ഓഹരികളും കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ടെസ്ലയ്ക്കും മസ്‌കിനും പിന്തുണ നല്‍കിക്കൊണ്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ടെസ്ല മോഡല്‍ എസ് കാര്‍ ട്രംപ് വാങ്ങിയതും വലിയ ശ്രദ്ധ നേടിയിരുന്നു.

നേരത്തെ ഇന്ത്യന്‍ വിപണി നോട്ടമിട്ടിരുന്നെങ്കിലും യുഎസില്‍ അടിപതറിയതോടെയാണ് ടെസ്ല ഇന്ത്യയിലേക്കും ചുവടുറപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഷോറൂമുകള്‍ തുറക്കാന്‍ മാത്രമാണ് ടെസ്ല പദ്ധതിയിട്ടിരിക്കുന്നത്. ടെസ്ലയ്ക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്പനികളുമായി ചര്‍ച്ചകളും നടക്കുന്നുണ്ട്.

പ്രതിവര്‍ഷം അഞ്ച് ലക്ഷം വണ്ടികള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കമ്പനിയുടെ പുതിയ ഷോറൂമുകള്‍ ഉടന്‍ തന്നെ ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ തുറക്കാനിരിക്കെയാണ് ബിവൈഡിയുടെ നിക്ഷേപത്തെ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിയത്.

ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി തേടേണ്ടതുണ്ട്. ബിവൈഡി മാനേജ്‌മെന്റിന് ചൈനീസ് സര്‍ക്കാരിലും സൈന്യത്തിലുമുള്ള ബന്ധമാണ് കേന്ദ്രത്തിന് മുന്നില്‍ തടസമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഉടമസ്ഥാവകാശത്തിലും സര്‍ക്കാരിന് സംശയമുണ്ട്. ചൈനീസ് വിപണിയില്‍ വിദേശ കമ്പനികളെ വലുതായി പ്രോത്സാഹിപ്പിക്കാറില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ ഇന്ത്യയില്‍ ഇരുപതോളം ചൈനീസ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ 80ല്‍ ഏറെ കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓയോ, സൊമാറ്റോ, ബൈജൂസ്, ഓല തുടങ്ങിയ കമ്പനികളില്‍ ചൈനയ്ക്ക് ഓഹരി പങ്കാളിത്തവുമുണ്ട്.

Related Articles

Back to top button
error: Content is protected !!