വരും ജന്മം നിനക്കായ്: ഭാഗം 71

രചന: ശിവ എസ് നായർ
“അഖിലേട്ടന് എന്നോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം ഇനി നടക്കില്ല അഖിലേട്ടാ. ഈ ജന്മം നമുക്ക് ഒന്നുചേരാൻ വിധിയില്ല.”
ഗായത്രിയുടെ സ്വരം ശാന്തമായിരുന്നു.
“വീണ്ടും വീണ്ടും നീ എന്നെ വിഷമിപ്പിക്കുകയാണോ ഗായു.” അഖിലിന്റെ ശബ്ദം ഇടറി.
“അഖിലേട്ടനെ ഞാൻ മനപൂർവം വേദനിപ്പിക്കുന്നതല്ല. അഖിലേട്ടന്റെ അമ്മയുടെ അനുഗ്രഹമില്ലാതെ ഒന്ന് ചേർന്നാലും നമുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. ജനിച്ചു വളർത്തിയ അമ്മയുടെ ശാപം വാങ്ങിക്കൊണ്ട് നമുക്ക് ഒരുമിച്ച് ഒരു ജീവിതം വേണ്ട അഖിലേട്ടാ. ആദ്യത്തെ പോലെ സമാധാനം ഇല്ലാത്ത ഒരു ജീവിതം രണ്ടാമതും ജീവിക്കാൻ എന്നെക്കൊണ്ടാവില്ല.”
ഗായത്രി തന്റെ മനസ്സ് തുറക്കാൻ തന്നെ തീരുമാനിച്ചു.
“നീ ഇത് എന്തൊക്കെയാ ഗായു പറയുന്നത്.?” അഖിൽ വിഷമത്തോടെ അവളെ നോക്കി.
“അഖിലേട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും എന്നെ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല. ഞാനിത് പറയാൻ കാരണം കുറച്ചു ദിവസം മുൻപ് അവർ എന്നെ വിളിച്ചിരുന്നു. ഒരിക്കലും ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ ശ്രമിക്കരുതെന്നാണ് അന്ന് അഖിലേട്ടന്റെ അമ്മ എന്നോട് പറഞ്ഞത്. അഖിലേട്ടന്റെ അമ്മ അങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും അങ്ങനെ ഒരു ഉദ്ദേശം എന്റെ മനസ്സിൽ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകാനും പോകുന്നില്ല.
എന്നെപ്പോലൊരു പെണ്ണിനെ മരുമകളായി സ്വീകരിക്കാൻ അവർക്ക് കഴിയില്ല. അതുകൊണ്ട് തന്നെ അഖിലേട്ടന്റെ അമ്മയുടെ വാക്ക് ധിക്കരിച്ച് ഞാൻ അഖിലേട്ടനോടൊപ്പം ജീവിക്കാൻ ശ്രമിച്ചാൽ നമുക്ക് ഒരിക്കലും സമാധാനം നിറഞ്ഞ ഒരു ജീവിതം കിട്ടില്ല.
ശിവപ്രസാദുമായുള്ള എന്റെ കല്യാണം ഗൗരിക്ക് വേണ്ടി എന്റെ അച്ഛനും അമ്മയും വേറെ നിവൃത്തിയില്ലാതെ നടത്തിയതാണ്. ആ ലൈഫുമായി ഞാൻ പൊരുത്തപ്പെടാൻ ശ്രമിച്ചിട്ടും ശിവപ്രസാദിനൊപ്പമുള്ള ജീവിതം സന്തോഷത്തോടെ പോയതുമില്ല. അതുപോലെ അഖിലേട്ടന്റെ അമ്മയുടെ അനുഗ്രഹമില്ലാതെ നമ്മൾ ഒരുമിച്ച് ഒരു ജീവിതം തുടങ്ങിയതിന് ശേഷം നമ്മുടെ ജീവിതവും പകുതിക്ക് വെച്ച് പിരിഞ്ഞു പോകുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അങ്ങനെ ഒരുമിച്ച ശേഷം എന്തെങ്കിലും കാരണം കൊണ്ട് പിരിയുന്നതിനേക്കാൾ നല്ലത് നമ്മൾ ഒരുമിക്കാതിരിക്കുന്നതാണ്.
ആദ്യമൊക്കെ കുറച്ച് സങ്കടം ഉണ്ടാകും. എങ്കിലും പിന്നീട് പതിയെ പതിയെ അത് മാറിക്കോളും. മാതാപിതാക്കളുടെ അനുഗ്രഹവും അവരുടെ പിന്തുണയും ഇല്ലാതെ നമുക്ക് നല്ലൊരു ജീവിതം ജീവിക്കാൻ കഴിയില്ല അഖിലേട്ടാ. എല്ലാവരെയും വെറുപ്പിച്ചു കൊണ്ട് നമുക്കൊരു ജീവിതം വേണ്ട. എന്തൊക്കെ സംഭവിച്ചാലും എന്റെ ഈ തീരുമാനത്തിന് ഒരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല.
നമ്മൾ വിവാഹിതരാകാതിരിക്കുന്നതാണ് നല്ലത്. അഖിലേട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും എന്നെ ഒരിക്കലും ഒരു രീതിയിലും ഉൾകൊള്ളാൻ സാധിക്കില്ലെന്ന് അവർ വ്യക്തമാക്കി കഴിഞ്ഞു. എന്നെ പോലൊരു പെണ്ണിനെ അല്ല അവർ മരുമകളായി കാണാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവർക്ക് ഇഷ്ടമില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് അഖിലേട്ടൻ ചിന്തിക്കരുത്.” തന്റെ ഉള്ളിലെ സങ്കടം മറച്ച് പുറമേ പുഞ്ചിരിക്കാൻ ഗായത്രി ശ്രമിച്ചു.
“ഗായു… അമ്മയെയും അഞ്ജുവിനെയും പറഞ്ഞ് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. ഇതിന്റെ പേരിൽ നീ എന്നിൽ നിന്നും അകന്ന് പോകരുത്. നിന്നെ നഷ്ടപ്പെടുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.” അഖിൽ അവളുടെ കരങ്ങൾ കവർന്നു.
“അഖിലേട്ടൻ കല്യാണം കഴിക്കാതിരുന്നാൽ പോലും അവർക്ക് വിഷമമില്ലെന്നും പകരം എന്നെ ഭാര്യയായി കൊണ്ടു വന്നാൽ ആണ് ഉൾക്കൊള്ളാൻ കഴിയാത്തതെന്നും അഖിലേട്ടന്റെ അമ്മ എന്നോട് വെട്ടി തുറന്നു പറഞ്ഞതാണ്. അങ്ങനെയുള്ള അമ്മയും അനിയത്തിയെയും എന്ത് പറഞ്ഞാണ് അഖിലേട്ടൻ സമ്മതിപ്പിക്കുക.? ആത്മഹത്യാ ഭീഷണി മുഴക്കുമോ?” അവളുടെ ചോദ്യത്തിന് മുമ്പിൽ അഖിൽ ഒരു നിമിഷം പതറി.
“നീയെന്താ ഗായു ഇങ്ങനെയൊക്കെ പറയുന്നത്? ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാവുന്നതല്ലേ. നിന്നെ പിരിഞ്ഞൊരു ജീവിതം ഇനി എനിക്ക് ചിന്തിക്കാൻ കൂടി കഴിയുന്നതല്ല. അമ്മയുടെ കാല് പിടിച്ചിട്ടായാലും ഞാൻ സമ്മതം വാങ്ങിച്ചെടുക്കും. അല്ലാതെ ആത്മഹത്യാ ഭീഷണി ഒന്നും ഞാൻ മുഴക്കില്ല. പരമാവധി അമ്മയെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ ശ്രമിക്കും.”
അഖിൽ തളർന്ന സ്വരത്തിൽ പറഞ്ഞു.
“അഖിലേട്ടൻ എങ്ങനെയെങ്കിലും അമ്മയുടെ സമ്മതം നേടിയെടുത്തു എന്ന് തന്നെ ഇരിക്കട്ടെ പക്ഷേ അതൊരിക്കലും അമ്മ പൂർണ്ണ മനസ്സോടെ അംഗീകരിക്കുന്നതാവില്ല. അതുകൊണ്ട് ഇനി ഒരിക്കലും നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം അഖിലേട്ടൻ സ്വപ്നം കാണരുത്.
ഇതുവരെയുള്ള എന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് അഖിലേട്ടന് അറിയാവുന്നതല്ലേ. അതുകൊണ്ട് ഇനിയുള്ള ജീവിതത്തിലെങ്കിലും സമാധാനം വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഒരു സുഹൃത്തായിട്ട് എങ്കിലും അഖിലേട്ടൻ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നാൽ മതി. അതിനപ്പുറം ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.
ഒരിക്കലും അഖിലേട്ടനെ വിഷമിപ്പിക്കാൻ വേണ്ടിയല്ല ഞാൻ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ഒത്തിരി ആലോചിച്ചതിനു ശേഷമാണ് ഞാൻ ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. അഖിലേട്ടന് എന്നോട് എത്രത്തോളം സ്നേഹമുണ്ടെന്ന് എനിക്കറിയാം. പക്ഷേ മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെങ്കിൽ ഈ വേർപിരിയൽ അനിവാര്യമാണ്.
ശിവപ്രസാദിൽ നിന്ന് ഡിവോഴ്സ് വാങ്ങുമ്പോൾ ഒരിക്കലും അഖിലേട്ടന്റെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങി വരണമെന്ന് ഞാൻ മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല. ഇപ്പോഴും എപ്പോഴും അങ്ങനെ ഒരു ആഗ്രഹം ഇനി എന്റെ മനസ്സിൽ ഉണ്ടാവുകയുമില്ല.
ഒരിക്കൽ അഖിലേട്ടന്റെ ഭാര്യ ആവാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. പക്ഷേ അന്നത് നടന്നില്ല. ഇപ്പോൾ ഈ ജീവിതവുമായി ഞാൻ ഏകദേശം പൊരുത്തപ്പെട്ട് കഴിഞ്ഞു. അഖിലേട്ടന്റെ വീട്ടുകാരുടെ വെറുപ്പ് സമ്പാദിച്ചു കൊണ്ട് നമുക്ക് ഒരുമിച്ച് ജീവിക്കണ്ട. അങ്ങനെ ജീവിക്കാൻ തുടങ്ങിയാൽ ഒരിക്കലും നമ്മുടെ ലൈഫിൽ സന്തോഷം ഉണ്ടാകില്ല. എന്റെ ഈ തീരുമാനത്തിൽ ഒരിക്കലും മാറ്റമുണ്ടാകില്ല. അതുകൊണ്ടുതന്നെ എന്നെ ഓർത്ത് ഈ ജീവിതം നശിപ്പിക്കരുത് എന്നൊരു അപേക്ഷ മാത്രമേ എനിക്കുള്ളൂ. ഒക്കെ മറക്കാനും മറ്റൊരു കുട്ടിയെ സ്വീകരിക്കാനും മനസ്സ് പാകമാകുമ്പോൾ പുതിയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കണം.”
ഗായത്രിയുടെ വാക്കുകൾക്ക് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു.
“ഒരിക്കൽ ഞാൻ പോലും വിചാരിക്കാത്ത സമയത്താണ് നിന്നെ എനിക്ക് നഷ്ടപ്പെട്ടത്. ആ നിന്നെ ഈശ്വരനായിട്ട് തന്നെ തിരിച്ചു കൊണ്ട് തന്നു എന്നാണ് ഞാൻ ഇത്രയും നാളും കരുതിയിരുന്നത്. പക്ഷേ അതെല്ലാം എന്റെ തോന്നൽ മാത്രമായിരുന്നു എന്ന് എനിക്കിപ്പോൾ മനസ്സിലായി ഗായു. ഈ ജന്മം നമുക്ക് ഒരുമിച്ച് ജീവിക്കാൻ ഈശ്വരൻ വിധിച്ചിട്ടില്ലെന്ന് കരുതി ഞാൻ സമാധാനിച്ചോളാം.” ഒരുമാത്ര അഖിലിന്റെ കണ്ണുകൾ നിറഞ്ഞു.
“അഖിലേട്ടൻ വിഷമിക്കരുത്. എന്റെ സ്ഥാനത്ത് നിന്നൊന്ന് ചിന്തിച്ചാൽ ഞാൻ എന്തു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് അഖിലേട്ടന് മനസ്സിലാകും.”
ഗായത്രിയുടെ വാക്കുകൾ കേട്ട് അഖിൽ വിഷമത്തോടെ തലയാട്ടി.
“സോറി ഗായു… ഇനി ഒരിക്കലും ഇക്കാര്യം പറഞ്ഞ് ഞാൻ നിന്നെ വിഷമിപ്പിക്കില്ല. നിന്നെ മനസ്സിലാക്കാൻ എനിക്ക് കഴിയും. ഞാനും കൂടി നിന്നെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ നിന്നെ ആര് മനസ്സിലാക്കാനാണ്. നിനക്ക് എന്താവശ്യമുണ്ടെങ്കിലും ഒരു സുഹൃത്തായി ഞാൻ ഒപ്പമുണ്ടാവും. ഐ വിൽ മിസ്സ് യൂ.”
അവളുടെ കൈകളിൽ നെറ്റി മുട്ടിച്ചു കൊണ്ട് അഖിൽ പറഞ്ഞു. ശേഷം തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയി. അഖിൽ സങ്കടത്തോടെ ഇറങ്ങിപ്പോകുന്നത് നോക്കി ഗായത്രി നിസ്സഹായയായി ഇരുന്നു.
അഖിലിനെ വീണ്ടും വേദനിപ്പിക്കേണ്ടി വന്നതിൽ ഗായത്രി വിഷമമുണ്ടായിരുന്നു എങ്കിലും എന്റെ തീരുമാനമാണ് ശരിയെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. …..കാത്തിരിക്കൂ………