വിനോദ് കാംബ്ലിയ്ക്ക് സഹായ വാഗ്ദാനം; മാസം 30,000 രൂപയുടെ ധനസഹായം നൽകും: സുനിൽ ഗവാസ്കർ

സാമ്പത്തിക, ആരോഗ്യപ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്ന മുൻ താരം വിനോദ് കാംബ്ലിയ്ക്ക് സഹായവുമായി ഇന്ത്യയുടെ മുൻ പരിശീലകൻ സുനിൽ ഗവാസ്കർ. തൻ്റെ സന്നദ്ധസംഘടനയായ ചാമ്പ്സ് ഫൗണ്ടേഷനിലൂടെ കാംബ്ലിയെ സഹായിക്കുമെന്നാണ് ഗവാസ്കറിൻ്റെ വാഗ്ദാനം. മാസം 30,000 രൂപയുടെ ധനസഹായം നൽകുമെന്ന് ഗവാസ്കർ പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സുനിൽ ഗവാസ്കർ കാംബ്ലിയെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തത്. മുംബൈയിലെ ശിവാജി പാർക്കിൽ വച്ച് നടന്ന, ഇതിഹാസ പരിശീലകനായ രമാകാന്ത് അച്‌രേക്കറുടെ സ്മരണാഞ്ജലി ചടങ്ങിൽ വച്ചായിരുന്നു വാദ്ഗാനം. 30,000 രൂപയുടെ പ്രതിമാസ ധനസഹായവും വർഷത്തിൽ 30,000 രൂപയുടെ വൈദ്യസഹായവും ചാമ്പ്സ് ഫൗണ്ടേഷൻ നൽകും.
ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിൻ്റെ ബാല്യകാല സുഹൃത്താണ് വിനോദ് കാംബ്ലി. ഇന്ത്യക്കായി 104 ഏകദിനങ്ങളും 17 ടെസ്റ്റുകളും കളിച്ച താരം സമീപകാലത്തായി അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ്. സാമ്പത്തിക പ്രശ്നങ്ങളും താരത്തെ അലട്ടുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ തന്നെ കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആശുപത്രിയിലായിരിക്കെ 52കാരനായ വിനോദ് കാംബ്ലിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മൂത്രാശയ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില വഷളായ അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് ശേഷം ഡിസ്ചാർജ് ആയി.
സച്ചിനോളം മികച്ചവനെന്ന് കരുതപ്പെട്ടിരുന്ന താരമാണ് വിനോദ് കാംബ്ലി. 1991ൽ പാകിസ്താനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച കാംബ്ലി 2000ൽ ശ്രീലങ്കക്കെതിരെ അവസാന ഏകദിനം കളിച്ചു. 17 ടെസ്റ്റുകളിൽ നിന്ന് 54 ശരാശരിയിൽ 1084 റൺസാണ് കാംബ്ലി നേടിയത്. 104 ഏകദിനങ്ങളിൽ 32.59 ശരാശരിയിൽ 2477 റൺസും അദ്ദേഹം നേടി. 1995ലെ ഏഷ്യാ കപ്പ് ജേതാവാണ്. 2000ൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ റണ്ണേഴ്സ് അപ്പായ ഇന്ത്യൻ ടീമിലും താരം അംഗമായിരുന്നു.
2013 മുതൽ തന്നെ കാംബ്ലിയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. പിന്നീട് തുടർച്ചയായി അദ്ദേഹം ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടി