അച്ഛനില്ലാതെ വളര്‍ത്തിയ കുട്ടിയാണ്; ചങ്കുതകർന്ന് അമ്മ: നേര്യമംഗലം അപകടത്തിൽ നോവായി അനീറ്റ

എറണാകുളം: നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വിയോഗം താങ്ങാനാകാതെ നാട്. കീരിത്തോട് തെക്കുമറ്റത്തില്‍ പരേതനായ ബെന്നിയുടെ മകള്‍ അനീറ്റ ബെന്നി(14)യാണ് അപകടത്തില്‍ മരിച്ചത്. ബസിനടിയിൽ കുടുങ്ങിയ അനീറ്റയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഞ്ഞിക്കുഴി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് അനീറ്റ.
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയിൽ നിന്ന് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് നേര്യമംഗലം മണിയമ്പാറയില്‍ വച്ച് നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏകദേശം ഇരുപതടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ബസിന്റെ ഏറ്റവും മുൻ സിറ്റിലായിരുന്നു അനീറ്റ ഇരുന്നിരുന്നത്. ബസ് താഴ്ചയിലേക്ക് മറിഞ്ഞതോടെ ചില്ല് തകർന്ന് അനീറ്റ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിപ്പോയ പെൺകുട്ടിയെ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയശേഷമാണ് പുറത്തെടുത്തത്. അമ്മയ്ക്കൊപ്പം ചികിത്സ ആവശ്യത്തിനായി എറണാകുളത്തേക്ക് പോകുകയായിരുന്നു അനീറ്റ.
മകളുടെ വിയോഗം അറിഞ്ഞ് പൊട്ടിക്കരഞ്ഞ അമ്മയെ ആശ്വസിപ്പിക്കാനാതെ നാട്ടുകാർ പ്രയാസപ്പെട്ടു. അച്ഛനില്ലാതെ വളര്‍ത്തിയ കുട്ടിയാണെന്ന് പറഞ്ഞ് അമ്മ വാവിട്ടുകരയുന്ന രംഗങ്ങള്‍ കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.അതേസമയം അപകടത്തിൽ 18 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെയെല്ലാം കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.