വഖഫ് നിയമഭേദഗതിയിൽ കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി; ഹർജികളിൽ ഇടക്കാല ഉത്തരവില്ല

വഖഫ് നിയമഭേദഗതികളുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് ഇടക്കാല ഉത്തരവില്ല. വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്. വഖഫ് ആയ സ്വത്തുക്കൾ അല്ലാതാക്കരുതെന്ന് സുപ്രീം കോടതി നിർദേശം നൽകി. കലക്ടർമാക്ക് നടപടിക്രമങ്ങൾ തുടരാമെങ്കിലും ഭൂമി വഖഫ് അല്ലാതാകുന്നില്ലെന്ന് സുപ്രീംകോടതി.
വഖഫ് നിയമഭേദഗതിയിൽ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ചോദ്യങ്ങളുയർത്തി. നൂറോ ഇരുന്നൂറോ കൊല്ലം മുമ്പ് വഖഫായി പ്രഖ്യാപിച്ച സ്വത്ത് ഏറ്റെടുത്ത് വഖഫ് അല്ല എന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതിനകം രജിസ്റ്റർ ചെയ്ത വഖഫ് സ്വത്ത് പുതിയ നിയമപ്രകാരം അസാധുവാകുമോ എന്നും കോടതി ചോദിച്ചു.
രജിസ്റ്റർ ചെയ്ത വഖഫ് സ്വത്ത് അതേപടി നിലനിൽക്കുമെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി. വഖഫ് നിയമഭേദഗതി ഭരണഘടനാവിരുദ്ധമെന്നും മതാവകാശങ്ങളിന്മേലുള്ള ലംഘനമെന്നും ഹർജിക്കാർ വാദിച്ചു. കോടതിവിധികൾ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിവിധികളുടെ അടിസ്ഥാനത്തിൽ നിയമനിർമ്മാണം നടത്താൻ മാത്രമേ പാർലമെന്റിന് കഴിയൂ. വഖഫ് തർക്കത്തിൽ കലക്ടർ തീരുമാനമെടുക്കുന്നത് ന്യായമാണോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
മുസ്ലീങ്ങളെ ഹിന്ദു എൻഡോവ്മെന്റ് ബോർഡുകളിൽ ഉൾപ്പെടുത്താൻ അനുവദിക്കുമോ എന്നും 2 എക്സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ പരമാവധി 2 പേർ മുസ്ലീങ്ങളായിരിക്കില്ല എന്ന് ഉറപ്പ് നൽകാനാക്കുമോ എന്നും കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. സത്യവാങ്മൂലം സമർപ്പിക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.