ഹിന്ദി ഹിന്ദുവിന്റേതും ഉറുദു മുസ്ലിമിന്റേതുമൊന്നുമല്ല; ഭാഷയ്ക്ക് മതമില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹിന്ദി ഹിന്ദുവിന്റേതും ഉറുദും മുസ്ലിമിന്റേതുമല്ലെന്ന് സുപ്രീം കോടതി. ഹിന്ദിക്കും ഉറുദുവിനും ഭരണഘടനാപരമായി തുല്യമായ പരിഗണനയാണുള്ളതെന്ന് സുപ്രീം കോടതി പറഞ്ഞു. ഭാഷയ്ക്ക് മതമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര മുനിസിപ്പാലിറ്റിയിലെ ഉറുദു സൈന്‍ബോര്‍ഡിന് എതിരായി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ഭാഷ വൈവിധ്യത്തെ ബഹുമാനിക്കണമെന്നും കോടതി വ്യക്തമാക്കി. മുനിസിപ്പാലിറ്റി സമര്‍പ്പിച്ച ഹരജി കോടതി തള്ളി.
അധിക ഭാഷ പ്രദര്‍ശിപ്പിക്കുന്നത് മഹാരാഷ്ട്ര തദ്ദേശസ്വയംഭരണ നിയമത്തിന്റെ ലംഘനമല്ല. ഉറുദു ഉപയോഗിക്കുന്നത് 2022 ലെ നിയമപ്രകാരം വിലക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ പാടൂരില്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ പുതിയ കെട്ടിടത്തില്‍ ഉറുദു ബോര്‍ഡ് ഉപയോഗിക്കാന്‍ ബോംബെ ഹൈക്കോടതി അനുവദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കൗണ്‍സിലര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ആശയവിനിമയം സാധ്യമാക്കുക എന്നതാണ് ഉറുദു ഭാഷ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം. ഭാഷയിലെ വൈവിധ്യങ്ങളെ മാനിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഭാഷ ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനുള്ള കാരണമാകരുതെന്നും ബെഞ്ച് വ്യക്തമാക്കി.