ഒന്നര മണിക്കൂർ കാത്തുനിന്നിട്ടും ആംബുലൻസ് വിട്ടുനൽകിയില്ല; രോഗി മരിച്ചു

തിരുവനന്തപുരം വെള്ളറടയിൽ 108 ആംബുലൻസിന്റെ സേവനം ലഭിക്കാതെ വന്നതോടെ രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിനി ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് പോകുന്നതിനായാണ് ആംബുലൻസ് വിളിച്ചത്.
എന്നാൽ കുരിശുമല സ്‌പെഷ്യൽ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലൻസ് വിട്ടുനൽകിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. ആംബുലൻസിനായി ഒന്നര മണിക്കൂർ കാത്തിരുന്നുവെന്നും ഇവർ പറഞ്ഞു. കുരിശുമല തീർഥാടനം പ്രമാണിച്ച് സ്‌പെഷ്യൽ ഡ്യൂട്ടി ഉള്ളതിനാൽ ആംബുലൻസ് വിട്ടുനൽകാനാകില്ലെന്നാണ് കസ്റ്റമർ കെയറിൽ നിന്ന് അറിയിച്ചത്
ഒരു മണിക്കൂർ കഴിഞ്ഞാൽ ആശുപത്രിയിലെ ഓക്‌സിജൻ തീരുമെന്നും വെള്ളറട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കസ്റ്റമർ കെയറിൽ അറിയിക്കുന്നുണ്ട്. പിന്നാലെ ഡോക്ടറെ കൊണ്ട് വിളിപ്പിച്ച് നോക്കിയെങ്കിലും ആംബുലൻസ് വിട്ടുനൽകാനാകില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്.