സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ചർച്ചയാകും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ നടക്കുമെന്നിരിക്കെ സ്ഥാനാർഥി നിർണയം അടക്കം യോഗത്തിൽ ചർച്ചയാകും. യുഡിഎഫ് സ്ഥാനാർഥി ആരെന്ന് അറിഞ്ഞതിന് ശേഷമേ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സാധ്യതയുള്ളു. യുഡിഎഫിലെ അസ്വാരസ്യങ്ങൾ മുതലെടുക്കണമെന്ന തീരുമാനം സിപിഎം സ്വീകരിച്ചിട്ടുണ്ട്.
കെകെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയാര് എന്ന ചർച്ചകളും യോഗത്തിലുണ്ടാകും. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമം വേണോ ഉദ്യോഗസ്ഥതല നിയമനം വേണോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടേതാകും അന്തിമ തീരുമാനം
സിപിഎം പാർട്ടി കോൺഗ്രസിന് ശേഷം ചേരുന്ന ആദ്യ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇന്ന് നടക്കുന്നത്. എംവി ഗോവിന്ദൻ, പിണറായി വിജയൻ, ഇപി ജയരാജൻ, കെകെ ശൈലജ, എം സ്വരാജ്, മുഹമ്മദ് റിയാസ്, ടിപി രാമകൃഷ്ണൻ, വിഎൻ വാസവൻ, പുത്തലത്ത് ദിനേശൻ, സിഎൻ മോഹനൻ, എംവി ജയരാജൻ, സജി ചെറിയാൻ, കെകെ ജയചന്ദ്രൻ, പി രാജീവ്, ടിഎം തോമസ് ഐസക്, കെഎൻ ബാലഗോപാൽ, പികെ ബിജു എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ