യുവാവിന് വിഷം കൊടുത്ത ശേഷം ആത്മഹത്യയാക്കാൻ കെട്ടിത്തൂക്കി; ഭാര്യയും കാമുകനും പിടിയിൽ

ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ യുവാവിന്റെ ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. വിഷം കൊടുത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി തീർക്കാൻ മൃതദേഹം ഇവർ കെട്ടിത്തൂക്കുകയായിരുന്നു
കേഹാർ സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ രേഖ(35), കാമുകൻ പിന്റു എന്നിവരാണ് പിടിയിലായത്. രേഖ കേഹാറിന് ചായയിൽ എലിവിഷം കലർത്തി നൽകുകയായിരുന്നു. തുടർന്ന് പിന്റുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി
കയർ ഉപയോഗിച്ച് ഇരുവരും കേഹാറിനെ കഴുത്തുഞെരിച്ച് മരണം ഉറപ്പാക്കി. തുടർന്ന് മൃതദേഹം കെട്ടിത്തൂക്കി. ഒന്നിച്ച് ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് രേഖയും പിന്റുവും പോലീസിന് മൊഴി നൽകി.
16 വർഷം മുമ്പാണ് രേഖയും കേഹാറും വിവാഹിതരായത്. ഇരുവർക്കും നാല് കുട്ടികളുമുണ്ട്. പോസ്റ്റ്‌മോർട്ടത്തിലാണ് കേഹാറിന്റെ മരണം കഴുത്ത് ഞെരിച്ചതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് സംഭവിച്ചതെന്ന് തെളിഞ്ഞത്. വിഷം ചെന്നതായും മനസ്സിലായി. തുടർന്ന് രേഖയെ ചോദ്യം ചെയ്യുകയായിരുന്നു.