World

സക്കർബർഗിന് ഇൻസ്റ്റഗ്രാം വിൽക്കേണ്ടി വരുമോ; കേസിന് പിന്നിലെന്ത്

സോഷ്യൽ മീഡിയയിൽ എതിരാളികളില്ലാതെ മുന്നേറുകയാണ് മെറ്റ. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്‌സാപ്പും ഇന്നും പ്രായഭേദമന്യേ ആളുകളുടെ ഇഷ്ട ഇടമാണ്. എന്നാൽ ഇതിന്‍റെ ഉടമയായ മാര്‍ക്ക് സക്കർബർഗ് ഇവയെല്ലാം വിറ്റുകളയുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

സമൂഹമാധ്യമ രംഗത്ത് മെറ്റ വളർത്തിയെടുത്ത ഏകാധിപത്യ പ്രവണത അവസാനിപ്പിക്കാൻ അമേരിക്കയുടെ ഫെഡറൽ ട്രേഡ് കമ്മീഷൻ ഏറെ നാളായി പ്രയത്‌നിക്കുകയാണ്. സോഷ്യൽ മീഡിയ വിപണിയിൽ ഒരു കുത്തക സ്ഥാപിക്കാൻ വേണ്ടിയാണ് മെറ്റ കമ്പനി 2012-ൽ ഇൻസ്റ്റാഗ്രാമും 2014-ൽ വാട്ട്സ്ആപ്പും ഏറ്റെടുത്തതെന്ന് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC) ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി മെറ്റ പ്ലാറ്റ്‌ഫോമുകളുടെ ഉടമയായ മാർക്ക് സക്കർബർഗ് നിലവിൽ വാഷിംഗ്ടൺ ഡി.സിയിൽ വിശ്വാസ ലംഘനത്തിന് വിചാരണ നേരിടുകയാണ്. 2020ലാണ് എഫ്ടിസി മെറ്റയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തത്.

വാങ്ങുക അല്ലെങ്കിൽ ഇല്ലാതാക്കുക എന്ന നയമാണ് മെറ്റയുടേതെന്നാണ് എഫ്ടിസിയുടെ ആരോപണം. വർഷങ്ങൾ നീണ്ട പ്രയത്‌നങ്ങൾക്കൊടുവിലാണ് സക്കർബർഗും ചെറിൽ സാൻഡ്ബർഗും മെറ്റയെ ഇന്നീ കാണുന്ന നിലയിലേക്ക് വളർത്തിയെടുത്തത്. പക്ഷേ താഴെത്തട്ടിലുണ്ടായിരുന്ന എല്ലാ സമൂഹമാധ്യമങ്ങളേയും വെട്ടി നിലംപരിശാക്കിയാണ് ഇവരുടെ വളർച്ചയെന്നാണ് എഫ്ടിസി ആരോപിക്കുന്നത്.

ഈ മേഖലയിൽ ഉയർന്നുവരാനുള്ള സ്റ്റാർട്ടപ്പുകളേയും നിർദാക്ഷിണ്യം നശിപ്പിച്ചിട്ടുണ്ടെന്നും എഫ്ടിസി ആരോപിക്കുന്നു. 2012ൽ ഇൻസ്റ്റഗ്രാം തങ്ങൾക്ക് എതിരാളികളാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് സക്കർബർഗ് അയച്ച സന്ദേശവും ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഇത് അമേരിക്കൻ ആൻറി ട്രസ്റ്റ് നിയമത്തിന് വിരുദ്ധമാണെന്നാണ് എഫ്ടിസിയുടെ ആരോപണം.

2012ൽ ബില്യൺ ഡോളറുകൾ മുടക്കിയാണ് അന്ന് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം വാങ്ങിയത്. സമാനമായി 2 വർഷങ്ങൾക്കിപ്പുറം ഏതാണ്ട് 19 മില്യൺ ഡോളർ മുടക്കി വാട്‌സാപ്പും വാങ്ങി.

ബൈറ്റ് ഡാൻസിൻറെ ടിക് ടോകും ഗൂഗിളിൻറെ യൂട്യൂബും ആപ്പിള്‍ മെസേജിങ് ആപ്പുമെല്ലാം ഒരുവേള സക്കർബർഗ് തകർക്കാൻ ശ്രമിച്ചുവെന്നും ആരോപിക്കുന്നു. എന്നാൽ കഴിഞ്ഞ 17 വർഷമായി ലോകത്തിന് തങ്ങളെ അറിയാമെന്നും ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ടോകുമായും യൂട്യൂബും എക്‌സുമൊക്കെയായുമാണ് തങ്ങൾ മത്സരിക്കുന്നതെന്നും മാത്രമാണ് മെറ്റയുടെ മറുപടി

നിലവിലെ വിചാരണ ജൂലൈ വരെ നീണ്ടേക്കും. എഫ്ടിസി വിജയിച്ചാൽ, ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ വാട്ട്സ്ആപ്പ് വിൽക്കാൻ മെറ്റയെ നിർബന്ധിക്കുന്നത് പോലുള്ള നടപടികൾ ഉണ്ടാകും. ഇൻസ്റ്റാഗ്രാം നഷ്ടപ്പെടുന്നത് മെറ്റയുടെ അടിത്തറയ്ക്ക് വലിയ തിരിച്ചടിയായേക്കാം. മെറ്റ ആപ്പ്-നിർദ്ദിഷ്ട വരുമാന കണക്കുകൾ പുറത്തുവിടുന്നില്ലെങ്കിലും, ഡിസംബറിൽ പരസ്യ ഗവേഷണ സ്ഥാപനമായ ഇമാർക്കറ്റർ പ്രവചിച്ചത് ഇൻസ്റ്റാഗ്രാം ഈ വർഷം 37.13 ബില്യൺ ഡോളർ വരുമാനം നേടുമെന്നാണ്, ഇത് മെറ്റയുടെ യുഎസ് പരസ്യ വരുമാനത്തിന്റെ പകുതിയിലധികമാണ്.

ട്രംപിൻറെ ആദ്യത്തെ ടേം മുതൽ സക്കർബർഗിനെതിരെ നടപടി തുടങ്ങിയിട്ടുണ്ട്. ട്രംപിൻറെ ആദ്യ ഭരണകാലയളവിലാണ് എഫ്ടിസി കേസ് രജിസ്റ്റർ ചെയ്തത്. പ്രശ്‌നമില്ലാതാക്കാൻ സമീപ ആഴ്ചകളിൽ നിരവധി തവണ സക്കർബർഗ് വൈറ്റ് ഹൌസ് സന്ദർശിച്ചിട്ടുണ്ട്. ആമസോൺ, ആപ്പിൾ, ആൽഫബെറ്റിന്റെ ഗൂഗിൾ എന്നിവയും യുഎസ് എൻഫോഴ്സ്മെന്റുകളുടെ ആന്റിട്രസ്റ്റ് കേസുകൾ നേരിടുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!