National

സുപ്രീം കോടതിക്കെതിരെ വിവാദ പ്രസ്താവനകൾ വേണ്ട; നേതാക്കൾക്ക് നദ്ദയുടെ താക്കീത്

ന്യൂഡൽഹി: സുപ്രീം കോടതിക്കെതിരെ ബിജെപി നേതാക്കൾ നടത്തിയ പരാമർശങ്ങളെ പൂർണമായും നിരസിക്കുന്നുവെന്നും അത്തരം പ്രസ്താവനകൾക്കെതിരെ മുന്നറിയിപ്പ് നൽകിയതായും പാർട്ടി പ്രസിഡന്റ് ജെ.പി.നദ്ദ. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബെ, ദിനേഷ് ശർമ എന്നിവരാണ് വിവാദ പരാമർശങ്ങൾ നടത്തിയത്.

രാജ്യത്തെ എല്ലാ ആഭ്യന്തര കലാപങ്ങൾക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഉത്തരവാദിയെന്നാണ് ദുബെ പറഞ്ഞത്. വഖഫ് നിയമത്തിലെ സുപ്രധാന വശങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സമീപകാല തീരുമാനങ്ങളെയും ബില്ലുകൾ പാസാക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചതിനെയും ദുബെ വിമർശിച്ചു. സുപ്രീം കോടതി നിയമം പാസാക്കിയാൽ പാർലമെന്റ് മന്ദിരം അടച്ചിടണമെന്നായിരുന്നു ദുബെ പറഞ്ഞത്. ഇതിനുപിന്നാലെ ബിജെപി നേതാക്കളുടെ പരാമർശങ്ങളെ തള്ളിക്കളഞ്ഞ് നദ്ദ രംഗത്തെത്തി.

ജുഡീഷ്യറിയെയും ചീഫ് ജസ്റ്റിസിനെയും കുറിച്ച് ബിജെപി എംപിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ പ്രസ്താവനകളുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. അത് അവരുടെ വ്യക്തിപരമായ പ്രസ്താവനകളാണ്. ബിജെപി അത്തരം പ്രസ്താവനകളോട് യോജിക്കുന്നില്ല, അത്തരം പ്രസ്താവനകളെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. ബിജെപി ഈ പ്രസ്താവനകളെ പൂർണ്ണമായും തള്ളിക്കളയുന്നുവെന്ന് നദ്ദ പറഞ്ഞു.

സുപ്രീം കോടതി ഉൾപ്പെടെ രാജ്യത്തെ എല്ലാ കോടതികളും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഭരണഘടനയെ സംരക്ഷിക്കുന്ന ശക്തമായ സ്തംഭമാണെന്നും ഒരു പാർട്ടി എന്ന നിലയിൽ ഞങ്ങൾ വിശ്വസിക്കുന്നതിനാൽ, ബിജെപി എപ്പോഴും ജുഡീഷ്യറിയെ ബഹുമാനിക്കുകയും അതിന്റെ ഉത്തരവുകളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം പ്രസ്താവനകൾ നടത്തരുതെന്ന് പാർട്ടി നേതാക്കളോട് നിർദേശിച്ചിട്ടുണ്ടെന്നും നദ്ദ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!