Kerala

കാത്തിരുന്ന് കിട്ടിയ കുട്ടി; ഒടുവിൽ കണ്ണീരോർമ: കോൺക്രീറ്റ് തൂൺ വീണു മരിച്ച അഭിരാമിന്റെ മൃതദേഹം സംസ്കരിച്ചു

പത്തനംതിട്ട: കേന്നി ആനത്താവളം ഇക്കോ ടൂറിസം കേന്ദ്രത്തിൽ കോൺക്രീറ്റ് തൂൺ വീണു മരിച്ച നാലു വയസ്സുകാരൻ അഭിരാമിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വീട്ടുവളപ്പിൽ സംസ്കാരം നടന്നത്. രാവിലെ ഒൻപത് മണിയോടെ അഭിരാം പഠിച്ച ഗണേശ വിലാസം ഗവഎൽപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. പിന്നീട് വീട്ടിലെത്തിച്ചപ്പോൾ പ്രിയപ്പെട്ടവരു‍ടെ ബന്ധുക്കളുടെയും സങ്കടം കാണാൻ കണ്ട് നിന്നവർക്ക് സാധിച്ചില്ല.

കഴിഞ്ഞ വെള്ളിയാഴ്ച 12.30-നാണ് കടമ്പനാട് വടക്ക് തോയ്പാട് അഭിരാം ഭവനിൽ അജിയുടേയും ശാരിയുടേയും ഏകമകൻ അഭിരാം (4) ആനത്താവളത്തിൽവെച്ച് വേലിക്കല്ല് തലയിൽവീണ് മരിച്ചത്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനു ശേഷം കാത്തിരുന്നു ലഭിച്ച മകനാണ് അഭിരാം. അമ്മയോടും ബന്ധുക്കളോടുമൊപ്പം ആനത്താവളത്തിലെത്തിയ അഭിരാം, തുമ്പോർജിയ പൂന്തോട്ടത്തിന് പരിസരത്ത് കളിക്കുന്നതിനിടെ ഇതിനു സമീപത്തുണ്ടായ നാലടിയിലേറെ പൊക്കംവരുന്ന വേലിക്കല്ല് ദേഹത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ അഭിരാമിന്റെ തലയ്ക്കാണ് ക്ഷതമേറ്റത്.

സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച വ്യക്തമായതിനെത്തുടർന്ന് വനംവകുപ്പ് അഞ്ച്പേരെ സസ്പെൻഡ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. അനിൽകുമാറിനെ ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ. കമലാഹറും, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലിം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെ കോന്നി ഡിഎഫ്ഒയുടെ ചുമതലയുള്ള റാന്നി ഡിഎഫ്ഒയും ആണ് സസ്‌പെൻഡ് ചെയ്തത്.

Related Articles

Back to top button
error: Content is protected !!