അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും

അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതിക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനെ കേസിൽ കുറ്റക്കാരനായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയിലെ ജീവനക്കാരിയായ വിനീത കൊല്ലപ്പെടുന്നത്.
വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്റെ സ്വർണമാല കവരാനായിരുന്നു കൊലപാതകം. കേസിൽ കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെലിഞ്ഞത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിയുടെ ശിക്ഷ വിധിക്കുക.
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. 96 സാക്ഷികളെ കേസിൽ വിസ്തരിച്ചു. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും മാനസികാവസ്ഥയും മനസ്സിലാക്കാൻ, തിരുവനന്തപുരം, കന്യാകുമാരി കലക്ടർമാരുടേതടക്കം ഏഴ് റിപ്പോർട്ടുകളും കോടതി തേടിയിരുന്നു.
സമാനരീതിയിൽ പ്രതി തമിഴ്‌നാട്ടിൽ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും മകലെയും കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് വിനീതയെ കൊലപ്പെടുത്തുന്നത്.