ഡിജിപി ഓംപ്രകാശിന്റെ കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം; ഭാര്യ കത്തി കൊണ്ട് പത്ത് തവണ കുത്തി

കർണാടക മുൻ പോലീസ് മേധാവി ഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പല്ലവിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മകൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് വിവരം.
കുറച്ചുകാലമായി ഇരുവരും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടു കൂടിയാണ് ഓംപ്രകാശിനെ പല്ലവി കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് ഓംപ്രകാശിനെ പല്ലവി കുത്തിയത്. പത്ത് തവണയാണ് കത്തി ഉപയോഗിച്ച് കുത്തിയത്
ഓംപ്രകാശ് കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചു. ഓംപ്രകാശിന്റെ സ്വത്തുക്കൾ മകന്റെയും സഹോദരിയുടെയും പേരിലാണ് എഴുതി വെച്ചിരുന്നത്. മകൾക്കും പല്ലവിക്കും ഒന്നും നൽകിയിരുന്നില്ല. ഓം പ്രകാശ് തന്നെ കൊല്ലാൻ ശ്രമിക്കുന്നതായി പല്ലവിയും പല്ലവി തന്നെ കൊല്ലാൻ ശ്രമിക്കുന്നതായി ഓംപ്രകാശും സുഹൃത്തുക്കളോട് നേരത്തെ പറഞ്ഞിരുന്നു.