അവസാന സന്ദേശത്തിലും ഗാസയിൽ വെടിനിർത്തൽ വേണമെന്ന് ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പ ഏറ്റവുമൊടുവിൽ വിശ്വാസികളെ അഭിസംബോധന ചെയ്തത് വിശ്വാസികൾ ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ച ഇന്നലെയായിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബാൽക്കണിയിൽ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്തും അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞത് ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ കൊണ്ടുവരണമെന്ന ആഹ്വാനമായിരുന്നു. ബന്ദികളെ മോചിപ്പിക്കണമെന്നും മാർപാപ്പ തന്റെ അവസാന സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു
ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരുന്നുവെങ്കിലും ഇന്നലെ ഈസ്റ്റർ ദിനത്തിൽ അദ്ദേഹം അപ്രതീക്ഷിതമായി വിശ്വാസികൾക്ക് മുന്നിലെത്തുകയായിരുന്നു. ഗാസയിലെ സാഹചര്യം പരിതാപകരമാണെന്ന് ഇന്നലെയും മാർപാപ്പ ചൂണ്ടിക്കാട്ടിയിരുന്നു. പലസ്തീനിലും ഇസ്രായേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഈസ്റ്റർ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു
ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നാണ് അദ്ദേഹം തിരിച്ചെത്തിയത്. പൂർണമായും ചുമതലകൾ അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. ഞായറാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായും അദ്ദേഹം കുറച്ചുനേരം കൂടിക്കാഴ്ച നടത്തിയിരുന്നു.